തൃശൂർ: കേരളത്തെ നടുക്കിയ എ.ടി.എം കവർച്ചയിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു. മോഷ്ടാക്കൾ സംസ്ഥാനം വിട്ടെന്ന സൂചനയിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ, ചാലക്കുടിയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറകണ്ടെത്തി. ശനിയാഴ്ച രാവിലെ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികൾ തമ്മിൽ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. വാഹനത്തിൽനിന്ന് മണംപിടിച്ച പോലീസ് നായ സമീപത്തെ സ്കൂളിന്റെ മതിൽ വരെ ഓടിയതും അന്വേഷണത്തിൽ നിർണായകമായി. പ്രതികൾ വാഹനം ഉപേക്ഷിച്ചശേഷം മതിൽചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പോലീസ് കരുതുന്നത്. ഉത്തരേന്ത്യൻ, തമിഴ്നാട് ബന്ധമുള്ള പ്രൊഫഷണൽ സംഘമാകും കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനാൽ പ്രതികൾക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നു. ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതൽ ചാലക്കുടി വരെയുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം പുലർച്ചെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ എ.ടി.എം കവർച്ച നടന്നത്. കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മിൽനിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽനിന്ന് 10.6 ലക്ഷം രൂപയുമാണ് കവർച്ച ചെയ്തത്. ഇതിനുപുറമേ കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ കവർച്ചാശ്രമവും നടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2ISQavX
via
IFTTT
No comments:
Post a Comment