ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശവിധിക്കെതിരേ കോൺഗ്രസിനുവേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്കിയ പുനഃപരിശോധന ഹര്‍ജിയിൽ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി ഹാജരാകും. കെ.പി.സി.സി. രാഷ്ടീയകാര്യസമിതി യോഗം എടുത്ത തീരുമാനപ്രകാരമാണ് പുനഃപരിശോധനാ ഹര്‍ജി നല്കിയത്. വിശ്വാസികള്‍ക്ക് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടര്‍ന്നുകൊണ്ടുപോകാന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുവേണ്ടി നിയമപരമായ എല്ലാ പോംവഴികളും തേടും. പുനഃപരിശോധനാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ റിട്ട് ഹര്‍ജി നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ വഴി റിട്ട് ഹര്‍ജി നല്‍കും. അഭിഷേക് സിങ്‌വിയുമായും കപില്‍ സിബലുമായും പാര്‍ട്ടി ചുമതലപ്പെടുത്തിയപ്രകാരം ചര്‍ച്ച നടത്തിയതായും നിയമപരമായ സാധ്യതകള്‍ നിലനില്‍ക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും പി.സി. ചാക്കോ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി മുമ്പു ഹാജരായിരുന്നത് സിങ്‌വിയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി ഹാജരാകാന്‍ അദ്ദേഹം സന്നദ്ധനാണ്- പി.സി. ചാക്കോ പറഞ്ഞു. സുപ്രീംകോടതിവിധിയെ നേരത്തേ സ്വാഗതം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് വിധിയെ എതിര്‍ക്കുകയല്ല നിയമപരമായ പോംവഴികൾ തേടുകയാണെന്നായിരുന്നു മറുപടി. ‘‘ കേരളത്തിലെ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. വിവിധ മതങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുന്നവരാണ്. അവരിപ്പോള്‍ പ്രക്ഷോഭത്തിലാണ്. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ദേവസ്വംബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കാതെ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ് ബോര്‍ഡിനെ നിസ്സഹായാവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്- അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വിവിധ അനാചാരങ്ങള്‍ തുടച്ചുനീക്കിയ നവോത്ഥാന സമരങ്ങളില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്നും അവയ്ക്കെല്ലാം നേതൃത്വം നല്‍കിയത് കോണ്‍ഗ്രസാണെന്നും ചാക്കോ അവകാശപ്പെട്ടു. ‘‘എ.കെ. ഗോപാലനും, പി. കൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതാക്കളായിരിക്കുമ്പോഴാണ് അനാചാരങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ആചാരവും ദുരാചാരവും തമ്മില്‍ വ്യത്യാസമുണ്ട്. വിവിധ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ഭരണഘടന പൗരന് സ്വാതന്ത്ര്യം ഉറപ്പുനല്‍കിയിട്ടുണ്ട്. രാഷ്ടീയ ലാഭനഷ്ടങ്ങള്‍ നോക്കിയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് എടുത്തിരിക്കുന്നത്- ചാക്കോ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2D3D27l
via
IFTTT
No comments:
Post a Comment