ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടൽ കേസിൽ മേജർ ജനറൽ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവ്. അസമിൽ 24 വർഷം മുൻപ് നടന്ന വ്യാജ ഏറ്റുമുട്ടൽ സംഭവത്തിലാണ് സൈനിക കോടതി ശിക്ഷവിധിച്ചത്. മേജർ ജനറൽ എ.കെ ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ.എസ് സിബിരേൻ, ക്യാപ്റ്റൻ ദിലീപ് സിങ്, ക്യാപ്റ്റൻ ജഗ്ദിയോ സിങ്, നായിക് മാരായ അൽബിന്ദർ സിങ്, ശിവേന്ദർ സിങ് എന്നിവരെയാണ് ശിക്ഷിച്ചത്. വ്യാജ ഏറ്റുമുട്ടലിൽ അഞ്ചുപേരെ വധിച്ച സംഭവത്തിലാണ് ശിക്ഷ. അസമിലെ തിൻസൂക്കിയ ജില്ലയിൽ 1994 ഫെബ്രുവരി 18ന് നടന്ന സംഭവത്തിലാണ് സൈനിക നടപടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒൻപത് പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു തേയില എസ്റ്റേറ്റ് മുതലാളിയുടെകൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലായിരുന്നുഇവരെ പിടികൂടിയത്. അസമിലെ തീവ്രവാദി വിഭാഗമായ യു.എൽ.എഫ്.എ അംഗങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിൽ അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. മറ്റു നാലുപേരെ പിന്നീട് വിട്ടയച്ചു. 2018 ജൂലായ് 16ന് കോടതി നടപടികൾ ആരംഭിച്ച് ജൂലായ് 27ന് പൂർത്തിയായി. ശനിയാഴ്ചയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2AaFq9r
via
IFTTT
No comments:
Post a Comment