തിരുവനന്തപുരം: ബിവറേജസിന്റെ ഷോപ്പുകളിൽനിന്ന് മദ്യം കൊണ്ടുപോകാൻ പേപ്പർ സഞ്ചികൾ ലഭിക്കും. പ്രകൃതിസൗഹൃദ ക്യാരിബാഗുകളാണ് നൽകുന്നത്. സൗജന്യമല്ല, ബാഗിന്റെ വിലനൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ കടലാസ് സഞ്ചികൾ ഷോപ്പുകളിലെത്തുമെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ബിവറേജസിന്റെ 270 ഷോപ്പുകളിൽനിന്ന് മദ്യം പേപ്പറിൽ പൊതിഞ്ഞാണ് നൽകുന്നത്. ചില ഷോപ്പുകളിൽ കടലാസും കിട്ടാറില്ല. മദ്യം വാങ്ങാനെത്തുന്നവർ കവറുമായി എത്തേണ്ട അവസ്ഥയായിരുന്നു. ഷോപ്പുകൾക്ക് സമീപം ബാഗുകൾ വിലകൂട്ടി വിൽക്കുന്നവരുമുണ്ട്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാനാണ് ബിവറേജസ് തന്നെ കടലാസ് സഞ്ചികൾ വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ പരസ്യം ചെയ്യാനുള്ള ശ്രമവും കോർപ്പറേഷൻ നടത്തിയിരുന്നു. രണ്ട് തവണ ടെൻഡർ വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻകുമാർ പറഞ്ഞു. ഇക്കാര്യം സർക്കാരിനെ അറിയിച്ചശേഷം സഞ്ചിവിൽപ്പന തുടങ്ങും. മദ്യം വിൽക്കുന്ന സ്ഥാപനമായതിനാൽ ബിവറേജസ് കോർപ്പറേഷന് സ്വന്തം പേര് ബാഗിൽ പതിക്കാനാകില്ല. അതുകൊണ്ടാണ് സ്വകാര്യ സംരംഭകരെ ക്ഷണിച്ചത്. പരസ്യത്തുക കിട്ടിയിരുന്നെങ്കിൽ അതിനനുസരിച്ച് സഞ്ചിയുടെ വില കുറയ്ക്കാമായിരുന്നു. മെച്ചപ്പെട്ട പരസ്യസംവിധാനമായിരുന്നു ഇതെന്ന് ബിവറേജസ് അധികൃതർ പറയുന്നു. കോർപ്പറേഷന്റെ ഷോപ്പുകളിൽ ദിവസം 12 ലക്ഷം പേർ മദ്യം വാങ്ങാനെത്തുന്നുണ്ട്. ഒരു ഷോപ്പിലെ ദിവസശരാശരി ഉപഭോക്താക്കൾ 4500 ആണ്. ഒരുവർഷം 55 കോടി കുപ്പി മദ്യമാണ് വിൽക്കുന്നത്. 2.08 കോടി കെയ്സ് ഇന്ത്യൻ നിർമിത വിദേശമദ്യവും 1.15 കോടി കെയ്സ് ബിയറുമാണ് വാർഷിക വിൽപ്പന.
from mathrubhumi.latestnews.rssfeed https://ift.tt/2BYSOPa
via
IFTTT
No comments:
Post a Comment