ന്യൂഡൽഹി: ഹരിയാണയിലെ റിവാരിയിൽ സ്കൂൾ വിദ്യാർഥിനിയായ ഏഴു വയസുകാരി ബലാത്സംഗത്തിനിരയായി. റിവാരിയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാജു(35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഏഴുവയസുകാരി അതിക്രമത്തിനിരയായത്. വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതി മിഠായി കാണിച്ച് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം കടന്നുകളയുകയുമായിരുന്നു. ദേഹമാസകലം പരിക്കേറ്റ പെൺകുട്ടി ചോരയൊലിച്ച് അവശയായി വീട്ടിലെത്തിയപ്പോഴാണ് ബലാത്സംഗം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ പിടികൂടി. അതേസമയം, സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഒരു മാസം മുമ്പ് സി.ബി.എസ്.ഇ റാങ്ക് ജേതാവായ 19-കാരി കൂട്ടബലാത്സംഗത്തിനിരയായ അതേസ്ഥലത്താണ് മറ്റൊരു പെൺകുട്ടിയും അതിക്രമത്തിനിരയായിരിക്കുന്നത്. സെപ്റ്റംബർ 12ന് കോച്ചിങ് ക്ലാസിലേക്ക് പോയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബോധംകെടുത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2NMEtrv
via
IFTTT
No comments:
Post a Comment