കോഴിക്കോട്: രോഗവിമുക്തി നേടിയിട്ടും രോഗിയായി കഴിയേണ്ട ഗതികേടിലാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 85 രോഗവിമുക്തർ. 16 അന്യസംസ്ഥാനക്കാരെ ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ളവരെല്ലാം മലയാളികൾ. രോഗം മാറിയതോടെ ഇവർക്ക് തിരിച്ച് പോവാൻ താൽപര്യമുണ്ടെങ്കിലും വീട്ടുകാർ കൂടെ കൂട്ടാൻ തയ്യാറാവാത്തതാണ് ഒരു നടതള്ളൽ കേന്ദ്രം പോലെ കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രം മാറാൻ കാരണമായത്. ഡിസ്ചാർജ് അദാലത്ത് പോലെയുള്ള പരിപാടി സംഘടിപ്പിച്ച് ചിലരെ സന്നദ്ധ സംഘടനകളും മറ്റും ഏറ്റെടുക്കുന്നുണ്ടെങ്കിലും മറ്റ് പലരും ആശുപത്രിയിൽ തന്നെ കഴിഞ്ഞ് കൂടുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് എല്ലാതരം മാനസിക രോഗങ്ങളുമെങ്കിലും രോഗിയായാൽ പിന്നെ അവരെ പൊതുശല്യമായി പ്രഖ്യാപിക്കുന്നവരാണ് കുടുംബാംഗങ്ങൾ അടക്കമുള്ളവർ. ഇതോടെ ആർക്കും വേണ്ടാത്തവരായി രോഗവിമുക്തി നേടിയവർ പോലും മുദ്രകുത്തപ്പെടുന്നു. മനസ്സുമായി ബന്ധപ്പെട്ട പ്രധാന രോഗമടക്കം രണ്ടര മൂന്ന് മാസത്തെ ചികിത്സകൊണ്ട് പൂർണമായും സാധാരണ നിലയിലേക്കെത്തിക്കാൻ കഴിയുന്നതാണ്. ചിലർക്ക് മരുന്നുകൾ തുടരേണ്ടി വരുമെന്ന് മാത്രം. പക്ഷെ ഒരിക്കൽ മാനസിക രോഗം വന്നാൽ എല്ലാ കാലത്തും അവർ മനോരോഗിയായിരിക്കുമെന്ന മനോഭാവമാണ് ബന്ധുക്കൾ അടക്കമുള്ളവർക്ക്. ഇതോടെ പലർക്കും രോഗികളോടൊപ്പം ആശുപത്രിയിൽ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ആശുപത്രിയിലെ 433 അന്തേവാസികളിൽ ബന്ധുക്കളില്ലാത്തവരുമുണ്ട്. പലരുടെയും നാടോ വീടോ ഏതെന്നറിയില്ല. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ഉത്തരേന്ത്യൻ സ്വദേശികൾക്ക് എന്താണ് പറയാനുള്ളതെന്നു പോലും മനസ്സിലാക്കാൻ കഴിയുന്നില്ല. കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താനും രോഗ മുക്തി നേടിയവരെ കൊണ്ടുപോവാൻ താൽപര്യമില്ലാത്ത കുടുംബാംഗങ്ങൾക്കെതിരേ നിയമ നടപടിയടക്കമുള്ള കാര്യങ്ങളിലേക്കടക്കം നീങ്ങുന്നുണ്ടെന്ന്ആശുപത്രി സൂപ്രണ്ട് ഡോ.രമേശൻ ചൂണ്ടിക്കാട്ടുന്നു. 474 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ ബുധനാഴ്ചത്തെ കണക്ക് പ്രകാരം 433 അന്തേവാസികളാണുള്ളത്. അന്യ സംസ്ഥാനത്ത് നിന്നുള്ളവരുടെ ബന്ധുക്കളെ കണ്ടെത്താൻ ചില സന്നദ്ധസേവകരുടേയും മറ്റും സഹായത്തോടെ ശ്രമവും നടത്തുന്നുണ്ട്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് മറ്റ് രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങൾ. ഇവിടങ്ങളിലും ഏറ്റെടുക്കാനാളില്ലാതെ രോഗ വിമുക്തി നേടിയ നിരവധി പേരുണ്ട്. ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പകൽ വീടുകൾ പോലുള്ളവ പ്രവർത്തന സജ്ജമാക്കി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരടക്കമുള്ള രോഗവിമുക്തി നേടിയവർ ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2PG717U
via
IFTTT
No comments:
Post a Comment