തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് ഒരേസമയം തങ്ങാൻ അനുവദിക്കുക 80,000 പേരെ മാത്രം. നിലയ്ക്കൽമുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. മണ്ഡലകാലത്ത് പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവാണ് അതിസുരക്ഷാ മേഖലയാക്കി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ അതീവ സുരക്ഷയാകും പോലീസ് ഒരുക്കുക. ഒരുതരത്തിലുള്ള അനിഷ്ടസംഭവങ്ങൾക്കും ഇടനൽകാതെയുള്ള സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കുക. നവംബർ 15 മുതൽ ജനുവരി 20 വരെ പ്രദേശം അതിസുരക്ഷാ മേഖലയാകുന്നതോടെ ഏതു തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനും പോലീസിനാകും. 16 മുതൽ 24 മണിക്കൂർവരെ മാത്രമേ സന്നിധാനത്ത് തങ്ങാൻ അനുവാദമുണ്ടാകൂ. പോലീസ് ഒരുക്കുന്ന മുൻകൂർ ബുക്കിങ് വഴി എത്തുന്നവർക്ക് സന്നിധാനത്തേക്കുള്ള പ്രവേശനം ഉറപ്പാക്കും. മറ്റുള്ളവർക്ക് അതത് ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താകും പ്രവേശനം. ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാസ് നൽകാനും ശ്രമിക്കുന്നുണ്ട്. അതത് ജില്ലകളിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്ന പാസുള്ള വാഹനങ്ങൾമാത്രമേ കടത്തിവിടൂ. ഇതിനായി ജില്ലയുടെ പ്രവേശന കവാടങ്ങളിൽത്തന്നെ പോലീസ് പരിശോധന നടത്തും. ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന താത്കാലിക ജീവനക്കാർ, കച്ചവടക്കാർ എന്നിവർക്കും പോലീസ് പാസ് നൽകും. പാസ് ഇല്ലാത്തവരെ സുരക്ഷാമേഖലയിൽ കടത്തിവിടുന്നത് തടയാനും ആലോചിക്കുന്നുണ്ട്. അതിസുരക്ഷാമേഖലയിൽ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല. ഭക്തരെമാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്ന നിലപാടായിരിക്കും പോലീസ് സ്വീകരിക്കുക. പ്രതിഷേധക്കാർ ഉൾപ്പെടെയുള്ളവർ എത്തുന്നത് തടയാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇവ ആധുനിക സോഫ്റ്റ്വേറുമായി സംയോജിപ്പിച്ച് മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഡ്രോണുകൾ ഉൾപ്പെടെയുള്ളവയുടെ നിരീക്ഷണമുണ്ടാകും. കൺട്രോൾ റൂമിലായിരിക്കും ഇവയുടെ ഏകോപനം. മരക്കൂട്ടംമുതൽ സന്നിധാനംവരെ കനത്ത സുരക്ഷയൊരുക്കും. ഭക്തർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലോടെയാണ് സുരക്ഷയൊരുക്കുക. വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2qiAx8M
via
IFTTT
No comments:
Post a Comment