തിരുവനന്തപുരം: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3505 പേർ. 529 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 160 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പോലീസ് ഉന്നതതല യോഗം ചേരുന്നുണ്ട്. എഡിജിപിയുടെ മേൽനോട്ടത്തിലാണ് യോഗം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. നാമജപ ഘോഷയാത്ര നടത്തിയവരെ നടപടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്രമം നടത്തിയവർക്കെതിരെ നടപടി തുടരുകയാണ്. ഏതാനും ദിവസം മുമ്പ് നടന്ന പോലീസ് ഉന്നതതല യോഗത്തിന് ശേഷമാണ് സംസ്ഥാനത്താകെ അറസ്റ്റ് ആരംഭിച്ചത്. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റുചെയ്യാനായിരുന്നു നിർദേശം. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളിൽ മാത്രം ഇരുന്നൂറിലധികം പേർ അറസ്റ്റിലായിരുന്നു. ഇതിൽ പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ളവരുമുണ്ട്. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസുകളിൽ പെട്ടവരാണ് റിമാൻഡിലുള്ളത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ ഹർത്താൽ ദിനത്തിലുൾപ്പെടെയുണ്ടായ സംഘർഷങ്ങളിലും കേസെടുത്തു. സ്ത്രീകളെ കൈയേറ്റംചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേർക്കെതിരേ കേസുണ്ട്. പിടിയിലായവരിലേറെയും വിവിധ സംഘപരിവാർ സംഘടനാ പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2qiX3hr
via
IFTTT
No comments:
Post a Comment