പാട്ന: കമന്റടിയും ശല്യംചെയ്യലും എതിർത്ത പെൺകുട്ടികളെ ഒരുസംഘം ആളുകൾ സ്കൂളിൽ കയറി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 34 വിദ്യാർഥിനികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സൗപോൾ ജില്ലയിലെ കസ്തൂർബ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. പ്രദേശത്തെ ഒരു സംഘം ആൺകുട്ടികൾ സ്കൂളിലെ വിദ്യാർഥിനികളെ ശല്യംചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം ചില ആൺകുട്ടികൾ സ്കൂളിലെ ചുമരിൽ അശ്ലീലവാക്കുകൾ എഴുതുന്നത് പെൺകുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരോട് സ്കൂളിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ഇതേചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. വിദ്യാർഥിനികളിൽ ചിലർ ആൺകുട്ടികളെ തല്ലുകയുമുണ്ടായി. തുടർന്ന് സ്കൂളിൽനിന്ന് ഓടിപ്പോയ ആൺകുട്ടികൾ മാതാപിതാക്കളടമുള്ളവരെ കൂട്ടിയെത്തിയാണ് ആക്രമണം നടത്തിയത്. ആൺകുട്ടികളും മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ള വൻസംഘം സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പെൺകുട്ടികളെയും അധ്യാപികമാരെയും പൊതിരെതല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിലെ ഫർണീച്ചറുകളും അടിച്ചുതകർത്തു. വിവരമറിഞ്ഞെത്തിയ പോലീസും സർക്കാർ ഉദ്യോഗസ്ഥരുമാണ് വിദ്യാർഥിനികളെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ 34 പെൺകുട്ടികളും നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും പോലീസും അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2RxHeQr
via
IFTTT
No comments:
Post a Comment