ദുബായ്: വീണ്ടും വിരുന്നെത്തുകയാണ് അക്ഷരവസന്തം. ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത് പുസ്തകമേള എന്ന ഖ്യാതിയോടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒക്ടോബർ 31-ന് ബുധനാഴ്ച തുടക്കമാകും. പത്ത് ദിവസത്തെ മേളയിൽ മലയാളത്തിലെ പ്രമുഖർ ഉൾപ്പെടെ നിരവധി എഴുത്തുകാരാണ് ഇത്തവണയും എത്തുന്നത്. ഏഴാം നമ്പർ ഹാളിലാണ് ഇന്ത്യൻ പ്രസാധകരുടെ പുസ്തകങ്ങൾ അണിനിരത്തുന്നത്. പതിവ് പോലെ ഷാർജ എക്സ്പോ സെന്റർ തന്നെയാണ് പുസ്തകോത്സവത്തിന്റെ വേദി. മാതൃഭൂമി ബുക്സ് ഉൾപ്പെടെ നൂറോളം രാജ്യങ്ങളിൽ നിന്നായി 1200-ൽപ്പരം പ്രസാധകരാണ് ഇത്തവണ എത്തുന്നത്. പുസ്തകമേളയുടെ 37-ാം വർഷമാണിത്. ജപ്പാനാണ് അതിഥി രാഷ്ട്രം. തമിഴ് ഭാഷയിൽ നിന്ന് പന്ത്രണ്ടോളം പ്രസാധകർ എത്തുന്നതാണ് ഈ വർഷത്തെ സവിശേഷതയെന്ന് ഷാർജ പുസ്തകോത്സവത്തിന്റെ എക്സ്റ്റേണൽ അഫയേർസ് എക്സിക്യുട്ടീവ് മോഹൻകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാസാഹിത്യ രംഗങ്ങളിലേയും സാമൂഹികസാംസ്കാരിക രാഷ്ട്രീയ മേഖലകളിലേയും സംഗീതം, സിനിമ, മാധ്യമം, പാചകം തുടങ്ങിയ രംഗങ്ങളിലേയും പ്രമുഖർ ഇക്കുറിയും പങ്കെടുക്കുന്നുണ്ട്. മീശ എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷ്, തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിലൂടെ സമകാലിക മലയാള കഥാലോകത്ത് ഇടം കണ്ടെത്തിയ ഫ്രാൻസിസ് നൊറോണ, ഒറ്റമരപ്പെയ്ത്ത് എന്ന പുതിയ പുസ്തകവുമായി ദീപ നിശാന്ത് എന്നിവർ മേളയിലെത്തുന്നുണ്ട്. ശശി തരൂർ എം.പി, എം.പി. അബ്ദുസമദ് സമദാനി, ചേതൻ ഭഗത്, പെരുമാൾ മുരുകൻ, റസൂൽ പൂക്കുട്ടി, പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ഡോ. എൽ. സുബ്രമണ്യം, കരൺ ഥാപർ, പ്രകാശ് രാജ്, നന്ദിത ദാസ് എന്നിവർക്കൊപ്പം രാഷ്ട്രീയനേതാവും കവയത്രിയുമായ എം.കെ. കനിമൊഴി, യൂട്യൂബിലൂടെ പ്രശസ്തയായ സൂപ്പർവുമൺ ലില്ലി സിങ്, നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവുമായ യു.കെ. കുമാരൻ, കവികളായ അൻവർ അലി, പി. രാമൻ, ദിവാകരൻ വിഷ്ണുമംഗലം, എഴുത്തുകാരായ സോഹ അലി ഖാൻ, കെ.വി. മോഹൻകുമാർ, സന്തോഷ് എച്ചിക്കാനം, മനു എസ്. പിള്ള എന്നിവരും മേളയ്ക്കെത്തുന്നു. ചലിച്ചിത്രനടൻ മനോജ് കെ. ജയൻ, മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖനായ എരഞ്ഞോളി മൂസ, പാചകവിദഗ്ദ്ധരായ രൺവീർ ബ്രാർ, ശിപ്ര ഖന്ന, ലതിക ജോർജ്, ആൻസി മാത്യു, സാമൂഹികപ്രവർത്തക സിസ്റ്റർ ജെസ്മി, മോട്ടിവേഷൻ ട്രെയിനർമാരായ ഗൗർ ഗോപാൽ ദാസ്, മനോജ് വാസുദേവൻ എന്നിവരും എക്സ്പോ സെന്ററിലെ വിവിധവേദികളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്ന് മോഹൻ കുമാറും രവി ഡിസിയും അറിയിച്ചു. ഷാർജ പുസ്തകമേളയെക്കുറിച്ച് പുസ്തകോത്സവത്തിന്റെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നു. രവി ഡി.സി. സമീപം. മലയാളത്തിൽനിന്ന് മാത്രം നൂറ്റമ്പതിലേറെ പുസ്തകങ്ങളുടെ പ്രകാശനം മേളയിൽ വിവിധ ദിവസങ്ങളിലായി നടക്കും. കേരളത്തിലെ മിക്ക പുസ്തക പ്രസാധകരും ഇത്തവണ മേളയിൽ എത്തുന്നുണ്ട് എന്നത് ഷാർജ പുസ്തകോത്സവത്തിന്റെ കീർത്തിയാണ് സൂചിപ്പിക്കുന്നതെന്ന് മോഹൻകുമാർ പറഞ്ഞു. പുതുതായി സജ്ജമാക്കിയ റൈറ്റേർസ് ഫോറം എന്ന ഹാളിലായിരിക്കും പ്രധാനമായും മലയാള പുസ്തകങ്ങളുടെ പ്രകാശനം. രണ്ടായിരത്തോളം സാംസ്കാരിക പരിപാടികളാണ് പത്ത് ദിവസത്തേ മേളയിൽ ആവിഷ്കരിച്ചിരിക്കുന്നത്. കാലത്ത് ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. കാലത്ത് വിദ്യാർഥികളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഇതിൽ തന്നെ ഞായർ, ചൊവ്വ ദിവസങ്ങൾ പെൺകുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കി ദിവസങ്ങളിൽ ആൺകുട്ടികൾക്കും പ്രവേശിക്കാം. വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ പത്തുവരെയാണ് പ്രവേശനം. എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. എല്ലാ പുസ്തകങ്ങൾക്കും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി കെ.ടി. ജലീൽ, മുൻ മന്ത്രി എം.കെ. മുനീർ, ബിനോയ് വിശ്വം എം.പി., സിനിമാനടൻ ജോയ്മാത്യു എന്നിവർ ഉൾപ്പെടെ അമ്പതോളം പ്രമുഖർ സ്വന്തം നിലയിൽ മേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. സ്പെഷ്യൽ സ്മൈൽ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്. നവംബർ മൂന്നിനാണ് ഈ പരിപാടി. പുസ്തകോത്സവത്തിലെ പ്രധാന പരിപാടികൾ ഒക്ടോബർ 31, ബുധൻ മേള ഉദ്ഘാടനം നവംബർ 1 വ്യാഴം ഇന്റലെക്ച്വൽ ഹാൾ : രാത്രി 8.30 മുതൽ 10.30 വരെ വയലിനിസ്റ്റും കംപോസറും കണ്ടക്ടറുമായ ഡോ. എൽ. സുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന ദി ആർട്ട് ഓഫ് മ്യൂസിക് സംഗീതപരിപാടി. നവംബർ 2 വെള്ളി ബുക്ക് ഫോറം:വൈകുന്നേരം 5.30 മുതൽ 6.30 വരെ മനു എസ്. പിള്ളയുടെ ദി ഐവറി ത്രോൺ എന്ന പുസ്തകത്തെ അധികരിച്ച് പഴയ തിരുവിതാംകൂറിനേക്കുറിച്ചുള്ള ചർച്ച. ഇന്റലെക്ച്വൽ ഹാൾ: വൈകുന്നേരം 6 മുതൽ 7 വരെ, സ്വന്തം ചിത്രമായ മാന്റോയേക്കുറിച്ച് സംവിധായിക കൂടിയായ നടി നന്ദിത ദാസ് നടത്തുന്ന പ്രഭാഷണം, ഡിസ്കവറിങ് മാന്റ. 7 മുതൽ 8.30 വരെ ഗൗർ ഗോപാൽ ദാസ് പങ്കെടുക്കുന്ന ആൻ ഈവനിങ് വിത്ത് ഇന്റർനാഷണൽ ലൈഫ് കോച്ച് ഗൗർ ഗോപാൽ ദാസ് എന്ന പരിപാടി. 8.30 മുതൽ 10.30 വരെ യു.കെ. കുമാരൻ, കെ.വി. മോഹൻകുമാർ, സന്തോഷ് എച്ചിക്കാനം എന്നിവർ പങ്കെടുക്കുന്ന, മലയാളകഥകളിലേയും നോവലുകളിലേയും മിത്തുകളേക്കുറിച്ചുള്ള ചർച്ച. ബാൾ റൂം: വൈകുന്നേരം 6 മുതൽ 8 വരെ ഡി.എം.കെ. നേതാവും കവയത്രിയുമായ എം.കെ. കനിമൊഴി പങ്കെടുക്കുന്ന മീറ്റ് ദി പോയറ്റ് ആൻഡ് പൊളിറ്റീഷ്യൻ എന്ന പരിപാടി. 8 മുതൽ 9 വരെ ദി ഗേൾ ഇൻ റൂം 105 എന്ന പുസ്തകത്തേക്കുറിച്ച് ചേതൻ ഭഗത് നടത്തുന്ന പ്രഭാഷണം. 9.30 മുതൽ 11.30 വരെ എരഞ്ഞോളി മൂസ നയിക്കുന്ന മാപ്പിളപ്പാട്ട്. നവംബർ 3 ശനി ഇന്റലെക്ച്വൽ ഹാൾ:രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മനോജ് വാസുദേവൻ നയിക്കുന്ന നേതൃത്വപരിശീലനപരിപാടി. വൈകുന്നേരം 4.30 മുതൽ 5.30 വരെ ചലച്ചിത്രനടൻ മനോജ് കെ. ജയനുമായുള്ള സർഗസംവാദം. 7 മുതൽ 8 വരെ മുതിർന്ന ചലച്ചിത്രനടനായ പ്രകാശ് രാജ് പങ്കെടുക്കുന്ന ചർച്ച എക്സ്പ്ലോറിങ് അൺനോൺ. 8 മുതൽ 9 വരെ സോഹ അലി ഖാൻ പങ്കെടുക്കുന്ന ദി പെരിൽസ് ഓഫ് ബീയിങ് മോഡറേറ്റ്ലി ഫേമസ് എന്ന പുസ്തകത്തേക്കുറിച്ചുള്ള ചർച്ച. 9 മുതൽ 10.30 വരെ എഴുത്തുകാരായ എസ്. ഹരീഷ്, ഫ്രാൻസിസ് നൊറോണ, ദീപ നിശാന്ത് എന്നിവർ പങ്കെടുക്കുന്ന, മീശയ്ക്ക് ശേഷമുള്ള മലയാളകഥകളും നോവലുകളും എന്ന വിഷയത്തിലുള്ള ചർച്ച. ബുക്ക് ഫോറം: വൈകുന്നേരം 6 മുതൽ 7 വരെ കരൺ ഥാപർ നടത്തുന്ന, ഡെവിൾസ് അഡ്വക്കേറ്റ് എന്ന പുസ്തകത്തേക്കുറിച്ചുള്ള പ്രഭാഷണം. നവംബർ 5 തിങ്കൾ ബാൾ റൂം: രാത്രി 8 മുതൽ 10 വരെ എം. പി. അബ്ദുസമദ് സമദാനിയുമായുള്ള സംവാദം.നവംബർ 8 വ്യാഴം ബാൾ റൂം: രാത്രി 8 മുതൽ 10 വരെ ലില്ലി സിങ് പങ്കെടുക്കുന്ന പരിപാടി; മീറ്റ് ദി സൂപ്പർവുമൺ. നവംബർ 9 വെള്ളി ഇന്റലെക്ച്വൽ ഹാൾ: വൈകുന്നേരം 5.30 മുതൽ 6.30 വരെ റസൂൽ പൂക്കുട്ടി പങ്കെടുക്കുന്ന പരിപാടി; സൗണ്ടിങ് ഓഫ്; ഓസ്കാർ അവാർഡ് ജേതാവായ ഒരു സൗണ്ട് ഡിസൈനറുടെ ഓർമകൾ. 6.45 മുതൽ 7.45 വരെ പെരുമാൾ മുരുകനുമായുള്ള അഭിമുഖം; വൺ പാർട്ട് വുമൺ ആൻഡ് ദി ന്യൂ ചാപ്റ്റേഴ്സ് ഇൻ ദി ഡിബേറ്റ് ഓഫ് റൈറ്റ്സ് ഫോർ എക്സ്പ്രെഷൻ. 8 മുതൽ 10 വരെ അൻവർ അലിയും പി. രാമനും ദിവാകരൻ വിഷ്ണുമംഗലവും അവതരിപ്പിക്കുന്ന കാവ്യസന്ധ്യ. ബാൾ റൂം: വൈകുന്നേരം 6 മുതൽ 7.30 വരെ നാഷണൽ മീഡിയ കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേക്കുറിച്ച് ശശി തരൂർ പങ്കെടുക്കുന്ന ചർച്ച. കുക്കറി കോർണർ: വൈകുന്നേരം 6.30 മുതൽ 7.30 വരെ ലതിക ജോർജിന്റെ സുറിയാനി കിച്ചൻ കുക്കറി ഷോ. 8 മുതൽ 9 വരെ ആൻസി മാത്യുവിന്റെ വണ്ടേഴ്സ് ഓഫ് ജാക്ക് ഫ്രൂട്ട് കുക്കറി ഷോ. ലിറ്ററേച്ചർ ഫോറം: രാത്രി 8.30 മുതൽ 9.30 വരെ സിസ്റ്റർ ജെസ്മി പങ്കെടുക്കുന്ന പരിപാടി, ദി കൺഫെഷൻസ്; തിരുവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീക്കൊപ്പം
from mathrubhumi.latestnews.rssfeed https://ift.tt/2ySyR9F
via
IFTTT
No comments:
Post a Comment