നവകേരളം: യു.എ.ഇ.യിൽനിന്ന് 300 കോടി സ്വരൂപിക്കണമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

നവകേരളം: യു.എ.ഇ.യിൽനിന്ന് 300 കോടി സ്വരൂപിക്കണമെന്ന് മുഖ്യമന്ത്രി

ദുബായ്: പ്രളയം ദുരിതം വിതച്ച കേരളത്തെ പുനർനിർമിക്കാനായി യു.എ.ഇ.യിൽനിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനംചെയ്തു.നാലുദിവസത്തെ യു.എ.ഇ.യിലെ ഔദ്യോഗിക പര്യടനത്തിനൊടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. യു.എ.ഇ.യിലുള്ള നോർക്ക, ലോക കേരളസഭാ അംഗങ്ങൾക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇതുവരെ നൽകിയ തുക ഇതിനൊപ്പം ചേർക്കേണ്ടതില്ലെന്നും പുതുതായി 300 കോടി രൂപയാണ് സമാഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിവിധ ഘട്ടങ്ങളിലായി ഈ തുക സമാഹരിക്കണം. അടുത്ത ജൂൺ മാസത്തോടെ ലക്ഷ്യം കൈവരിക്കാനാവണം ശ്രമം. ഡിസംബർ 31, ജനുവരി 31 എന്നീ തീയതികളിൽ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കണം. യു.എ.ഇ.യിലെ റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള ജീവകാരുണ്യസംഘടനകൾ കേരളത്തിന്റെ പുനർനിർമാണത്തിനായി വിഭവസമാഹരണം നടത്തുന്നുണ്ട്. അതിനുപുറമേയാണ് പ്രവാസിമലയാളികളുടെ ഈ പ്രവർത്തനം കേരളം ആവശ്യപ്പെടുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ യത്നത്തിൽ എല്ലാവരും പങ്കാളികളാകണം. എല്ലാവിഭാഗക്കാരെയും ഇതുമായി സഹകരിപ്പിക്കണം. ഒരുമിച്ചുനിന്നുകൊണ്ട് ഈ വെല്ലുവിളി നാം ഏറ്റെടുക്കണം. നവകേരളനിർമിതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നവർക്കുള്ള മറുപടി സൃഷ്ടിപരമായ നിർമാണത്തിലൂടെയാവണം നാം നൽകേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അമേരിക്കയിലെ മലയാളികളിൽനിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അതിനേക്കാൾ വലിയതോതിൽ മലയാളികളുള്ള സ്ഥലമാണ് യു.എ.ഇ. സാധാരണക്കാരനിൽനിന്ന് പത്തു ദിർഹമെങ്കിൽ പത്തുദിർഹം പോലും ഇതിലേക്ക് സമാഹരിക്കണം. ഇതിനായി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ സംഘടനാ നേതാക്കളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു.വെള്ളിയാഴ്ചകളിൽ ഓരോ എമിറേറ്റിലും അവലോകനയോഗങ്ങൾ ചേർന്ന് പ്രവർത്തനം വിലയിരുത്തണം. മാസംതോറും കേന്ദ്രീകൃതയോഗം ചേർന്ന് കാര്യങ്ങൾ നിരീക്ഷിക്കണം. പ്രാദേശികകൂട്ടായ്മകളെ വിശ്വാസത്തിലെടുത്തുവേണം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വെറുതെ അവഗണിക്കാൻ പാടില്ല. അവർക്കുള്ള കൃത്യമായ മറുപടി കണക്കുകൾവെച്ച് നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണം. യഥാർഥവസ്തുതകൾ പറഞ്ഞ് അവരെ ബോധവത്കരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ലുലു എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയും സംഘവും ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/2PIKtU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages