തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിക്ക് തുടക്കമായി. ഈ മാസം 25 മുതൽ വരിസംഖ്യ സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഒരുമാസത്തിനകം ആദ്യലേലം നടക്കും. ലേലം ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 63 കോടിരൂപ സല വരുന്ന 1100 ചിട്ടികളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 25, 30, 40, 50 മാസത്തവണകളുള്ള ചിട്ടികളാണിത്. 1000 രൂപമുതൽ ഒരുലക്ഷം രൂപ വരെയാണ് മാസ അടവ്. വരിസംഖ്യയടയ്ക്കുന്നതും ലേലവും ഓൺലൈൻ വഴിയാണ്. ചിട്ടിയിൽനിന്നുള്ള ദൈനംദിന മിച്ചം കിഫ്ബിയുടെ ബോണ്ടുകളിൽ മുടക്കും. ചിട്ടിയിൽ ചേരുന്നവർക്ക് തങ്ങളുടെ പണം മുടക്കാനുള്ള പദ്ധതി തിരഞ്ഞെടുക്കാം. അവരവർ പഠിച്ച സ്കൂൾ ഹൈടെക് ആക്കാനോ നാട്ടിലെ ആശുപത്രികൾ മെച്ചപ്പെടുത്താനോ ഒക്കെ നറുക്കുവീഴുന്നതുവരെ ഈ പണം ഉപയോഗിക്കാം. പദ്ധതികളുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്തുലക്ഷം രൂപവരെയുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ചിട്ടിയിൽച്ചേർന്ന പ്രവാസി മരിച്ചാലോ അപകടങ്ങളിൽ അംഗഭംഗം സംഭവിച്ചാലോ അവശേഷിക്കുന്ന തുക അടയ്ക്കേണ്ടതില്ല. ഈ ബാധ്യത ഇൻഷുറൻസിൽനിന്ന് ഈടാക്കും. ചിട്ടിയിൽ ചേർന്നവർ വിദേശത്തുവെച്ച് മരിച്ചാൽ മൃതദേഹം കൊണ്ടുവരാനുള്ള ചെലവും അനുഗമിക്കുന്നയാളിന്റെ യാത്രാക്കൂലിയും കെ.എസ്.എഫ്.ഇ. വഹിക്കും. എൽ.ഐ.സി.യും സംസ്ഥാന ഇൻഷുറൻസ് വകുപ്പും ചേർന്നാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. പ്രവാസി ക്ഷേമനിധി പെൻഷനും ചിട്ടിയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാൻ ഉൾപ്പെടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലുള്ളവർക്കും 25 മുതൽ ചിട്ടിയിൽ ചേരാം. ഇതുവരെ 12,271 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തികവർഷത്തിൽ ഒരുലക്ഷം പേരെയും മൂന്നുവർഷത്തിനകം പത്തുലക്ഷം പേരെയുമാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ചേർന്ന 10,000 പേരിൽ രണ്ടുപേർക്ക് സമ്മാനമായി ദുബായിലേക്ക് വിമാനടിക്കറ്റ് നൽകുന്നതിന്റെ നറുക്കെടുപ്പും നടത്തി. കിഫ്ബി വഴി നടത്തുന്ന വികസനപ്രവർത്തനങ്ങൾക്കായി മൂന്നുവർഷംകൊണ്ട് 10,000 കോടി രൂപയെങ്കിലും പ്രവാസിച്ചിട്ടിവഴി സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം, കെ.എസ്.എഫ്.ഇ. ചെയർമാൻ ഫിലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2NIcoBL
via
IFTTT
No comments:
Post a Comment