കോഴിക്കോട് : ഡിജിറ്റൽ അംഗത്വ വിതരണത്തിലൂടെ പുതുതലമുറയിൽ സ്വാധീനമുറപ്പിക്കാൻ കോൺഗ്രസ്. ശക്തിയെന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ അംഗത്വ വിതരണത്തിന് കേരളത്തിൽ ഈ മാസം 22 ന് തുടക്കമാവും. ഓൺലൈൻ അംഗത്വ വിതരണത്തിലൂടെ ബി.ജെ.പി പുതുതലമുറയിൽ സ്വാധീനമുറപ്പിച്ച സാഹചര്യത്തിൽ വിവര സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പെ തന്നെ പരമാവധി അംഗങ്ങളെ ശക്തിയിലൂടെ പാർട്ടിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ അംഗത്വ വിതരണം തുടങ്ങിയിട്ടുണ്ട്. കേരളം ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി ഉടൻ ആരംഭിക്കാനാണ് തീരുമാനം. ഡാറ്റാ അനാലിറ്റിക്സ് വിഭാഗം ദേശീയ ചെയർമാൻ പ്രവീൺ ചക്രവർത്തി, കോ -ഓർഡിനേറ്റർമാരായ സ്വപ്ന പട്രോണിക്സ്, ഗോകുൽ ബുട്ടെയ്ൽ, ശശാങ്ക് ശുക്ല, ശാശ്വത് ഗൗതം എന്നിവരടങ്ങുന്ന സമിതിക്കാണ് മേൽനോട്ട ചുമതല. കഴിഞ്ഞ മേയിൽ രാജസ്ഥാനിലായിരുന്നു ശക്തി ക്ക് തുടക്കമായത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ അംഗത്വ വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നതായി എ.ഐ.സി.സി അനാലിറ്റിക്ക് വിഭാഗം ചെയർമാൻ പ്രവീൺ ചക്രവർത്തി പറഞ്ഞു. ഓൺലൈൻ അംഗത്വ വിതരണം വഴി പാർട്ടിയിലേക്ക് പുതുതലമുറയിലെ യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എ.ഐ.സി.സി പ്രസിഡണ്ട് രാഹുൽ ഗാന്ധിയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. തിരിച്ചറിയൽ കാർഡ് കൈവശമുള്ള ആർക്കും എളുപ്പത്തിൽ അംഗത്വമെടുക്കാവുന്ന രീതിയിലാണ് പദ്ധതി. എ.ഐ.സി.സി നേതൃത്വത്തിന് നേരിട്ട് അംഗങ്ങളുമായി ആശയ വിനിമയം നടത്താൻ ഉതകുന്ന രീതിയിൽ പ്രത്യേക സോഫ്റ്റ് വെയറും ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് അംഗത്വ വിതരണം നടക്കുന്നത്. വിവര സാങ്കേതിക രംഗത്ത് വൈദഗ്ദ്യം തെളിയിച്ച വൻ സംഘമാണ് ശക്തിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ബൂത്ത് തലത്തിൽ കുറഞ്ഞത് അൻപത് പേരെ അംഗമാക്കാനാണ് ശ്രമിക്കുന്നത്. അംഗത്വ വിതരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്നവർക്ക് എ.ഐ.സി.സിയുടെ അനുമോദനം ലഭിക്കും. യുവാക്കൾ പ്രവർത്തനത്തിന് മുന്നോട്ട് വരുന്നില്ലെന്ന് കണ്ട് കഴിഞ്ഞയാഴ്ചകളിൽ ചേർന്ന കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ താക്കീത് നൽകിയിരുന്നു. ശക്തിയുടെ പ്രവർത്തനം സജീവമാക്കണമെന്ന നിർദേശവും യുവാക്കൾക്ക് നൽകിയി്ട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു മിസ്ഡ് കോൾ അംഗത്വ വിതരണവുമായി ബി.ജെ.പി ഡിജിറ്റൽ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ചത്. ഇതിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. രാജസ്ഥാൻ ഉൾപ്പടെ പദ്ധതി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ സ്വീകാര്യതയാണ് ശക്തിക്ക് ലഭിച്ചത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി യാഥാർഥ്യമാക്കാൻ രാഹുൽ ഗാന്ധി ഡാറ്റാ അനാലിറ്റിക്ക് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 22ന് കേരളത്തിൽ ശക്തി ക്ക് തുടക്കമിടാനാണ് തീരുമാനം. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻഡ്, പോഷക സംഘടന സംസ്ഥാന പ്രസിഡൻഡ്, ബ്ലോക്ക് പ്രസിഡൻഡ് എന്നിവർക്ക് ഇത് സംബന്ധിച്ച് പരിശീലനം നൽകും. തുടർന്ന് ജില്ലാ, ബ്ലോക്ക്തലങ്ങളിലും പരിശീലനക്കളരി സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തിൽ കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാന ജില്ലാ തലങ്ങളിലും കോൾ സെന്ററുകൾ ആരംഭിക്കാനാണ് തീരുമാനം. തമിഴ്നാട്ടിൽ അടുത്തമാസം ആദ്യവാരം ശക്തി ക്ക് പ്രാരംഭം കുറിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശക്തി പദ്ധതിയുടെ ഭാഗമായാണ് മദ്ധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പേര് കൂട്ടമായി വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി കണ്ടെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2QSCvHZ
via
IFTTT
No comments:
Post a Comment