ബെയ്ജീങ്: 21 വർഷത്തിനുശേഷം ഫുട്ബോൾ കളത്തിൽ ഇന്ത്യയും ചൈനയും മുഖാമുഖം. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ ചൈനയെ നേരിടും. വൈകീട്ട് 5.05 മുതൽ സുഷു സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം. കൊച്ചിയിൽ 1997-ൽ നടന്ന നെഹ്രു കപ്പിലായിരുന്നു അയൽക്കാരായ ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തിൽ ചൈനയോട് (2-1) ആതിഥേയർ തോറ്റു. ഈ പരാജയത്തിന് മധുരപ്രതികാരം വീട്ടാനുള്ള അവസരംകൂടിയാണ് ഈ സൗഹൃദം. അടുത്തവർഷം യു.എ.ഇ.യിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പിന് ഒരുങ്ങാനാണ് ഇന്ത്യ സൗഹൃദമത്സരം കളിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള ചൈനയോടുള്ള മത്സരം ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കരുത്തുപകരുമെന്ന് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റെയ്ൻ കണക്കുകൂട്ടുന്നു. റാങ്കിങ്ങിൽ ചൈന 76-ാമതും ഇന്ത്യ 97-ാം സ്ഥാനത്തുമാണ്. യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ സംഘവുമായാണ് ഇന്ത്യ ചൈനയിലേക്ക് വണ്ടികയറിയത്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരാണ് സംഘത്തിലെ മലയാളികൾ. കോച്ചും ക്യാപ്റ്റനും ഫോട്ടോ: ട്വിറ്റർ 4-2-3-1 ശൈലിയിലാവും ഇന്ത്യ കളത്തിലിറങ്ങുക. ബ്ലാസ്റ്റേഴ്സ് താരം ഹോളി ചരൺ നർസാരി, ജെജെ ലാൽപെഖുല, സുനിൽ ഛേത്രി, ഉദാന്ത സിങ് എന്നിവർ മുന്നേറ്റനിരയിൽ ഇടംപിടിക്കും. പ്രണോയ് ഹാൾഡെർ, റൗളിങ് ബോർജസ് എന്നിവരാണ് മധ്യനിരയിലുണ്ടാവുക. സുഭാശിഷ് ബോസ്, അനസ്, സന്ദേശ് ജിംഗാൻ, പ്രിതം കോട്ടാൽ എന്നിവർക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല. ബെംഗളൂരു എഫ്.സി.യുടെ ഗുർപ്രീത് സിങ് സന്ധു ഗോൾപോസ്റ്റിന് കാവൽനിൽക്കും. 2006-ൽ ഇറ്റലിയെ ലോകകിരീടത്തിലേക്ക് നയിച്ച മാഴ്സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകൻ. യു ഡബാവോ, ഗാവോ ലിൻ, വു ലെയ് എന്നിവരുടെ ബൂട്ടിലാണ് ചൈനയുടെ പ്രതീക്ഷ. Content Highlights: India vs China international football match
from mathrubhumi.latestnews.rssfeed https://ift.tt/2A7Axhy
via
IFTTT
No comments:
Post a Comment