മേട്ടുപ്പാളയം: ഊട്ടിയിലേക്കുള്ള നീലഗിരി പൈതൃക തീവണ്ടി എൻജിൻ തകരാറിനെതുടർന്ന് കൊടുംകാട്ടിൽ കുടുങ്ങിക്കിടക്കുന്നു.ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടിയാണ് കാട്ടിനകത്തെ അടർലി സ്റ്റേഷന് സമീപം രാവിലെ എട്ടുമണി മുതൽ നിൽക്കുന്നത്. പ്രദേശത്ത് കനത്ത മഴയാണ്. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്.രാവിലെ ഏഴു മണിക്ക് കയറിയ യാത്രക്കാർ അഞ്ച് മണിക്കൂറിന് ശേഷവും ഭക്ഷണം കിട്ടാതെ വലയുകയാണ്. കനത്ത മഴയും തണുപ്പും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മേട്ടുപ്പാളയത്ത് പകരം എൻജിൻ രണ്ടുവർഷമായി ഇല്ലാത്തത് കാരണം ഉടൻ യാത്രക്കാരെ കൊണ്ടുവരാനും സാധിച്ചില്ല. ഇതോടെ കൂനൂരിൽ നിന്നും മറ്റൊരു എൻജിൻ ഘടിപ്പിച്ച മൂന്നു ബോഗികൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൂനൂരിൽ നിന്ന് പുറപ്പെട്ട വണ്ടി എത്തിയാൽ മാത്രമെ യാത്രക്കാരെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. നീലഗിരിയിൽ കടുത്ത മഴ തുടരുകയാണ്. സാധാരണ മഴക്കാലങ്ങളിൽ ഈ പാതയിൽ കല്ലും മണ്ണും വീഴാനുള്ള സാധ്യത അധികമാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയതോതിലുള്ള മണ്ണ് വീഴ്ച തീവണ്ടിയിൽ കൂടെ സഞ്ചരിക്കുന്ന ജീവനക്കാർ തന്നെ ശരിയാക്കുകയാണ് പതിവ്.
from mathrubhumi.latestnews.rssfeed https://ift.tt/2CtmRzE
via
IFTTT
No comments:
Post a Comment