വിയന്ന: ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ ഒരാൾ നൽകിയ കേസിൽ പരാതിക്കാരന് 2.5 മില്യൺ യൂറോ (ഏകദേശം 21 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ഓസ്ട്രിയൻ കോടതി വിധിച്ചു. തിങ്കളാഴ്ചയാണ് കേസിൽ കോടതി വിധി പറഞ്ഞത്. 2002 മുതൽ നീണ്ട പത്തു വർഷത്തെ കാലയളവിൽ ഏകദേശം 17 കോടിയോളം രൂപ(2 മില്യൺ യൂറോ) സ്ലോട്ട് മെഷീനുകളിലൂടെ നഷ്ടമായതായി പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഓസ്ട്രിയൻ നഗരമായ വീനർ നോയിഷ്ഡാറ്റിലെ നോവാമാറ്റിക് കമ്പനിയ്ക്കെതിരെയായിരുന്നു കേസ് നൽകിയത്. വിഷയത്തിൽ വിദഗ്ധോപദേശം തേടിയ കോടതി ചൂതാട്ടത്തിൽ മുഴുകിയതു കാരണം വരുമാനമുണ്ടാക്കാനാനുള്ള കഴിവ് പരാതിക്കാരന് ഭാഗികമായി നഷ്ടമായതായി കണ്ടെത്തി. തുടർന്നാണ് വിധി പ്രസ്താവിച്ചത്. നോവാമാറ്റിക് കമ്പനിയ്ക്ക് ലോകവ്യാപകമായി ഗാംബ്ലിങ് കേന്ദ്രങ്ങളുണ്ട്. വിധിക്കെതിരെ അപ്പീലിന് പോകാനാണ് കമ്പനിയുടെ തീരുമാനമെന്ന് വക്താവ് അറിയിച്ചു. 2015ൽ വിയന്നയിലെ മുൻസിപ്പാലിറ്റി അധികൃതർ കാസിനോകൾക്ക് പുറത്ത് സ്ലോട്ട് മെഷീനുകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. നിരോധനം നിലവിൽ വരുന്നതിനു മുമ്പ് 2600 ലധികം മെഷീനുകൾ വിയന്നയിൽ പ്രവർത്തിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2yU1lQt
via
IFTTT
No comments:
Post a Comment