ബെംഗളൂരു: ആരെയും അമ്പരിപ്പിക്കുന്ന ആൾമാറാട്ടം. ഒരാൾക്കും സംശയത്തിനിടനൽകാതെ പിടിച്ചുനിന്നത് 15 വർഷം. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോൺകോളോടെ തരുൺ ജിൻരാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വർഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. തൃശൂർ സ്വദേശികളായ കൃഷ്ണൻ-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ജീവനക്കാരിയുമായിരുന്ന സജിനി(26)യെ 2003 ഫെബ്രുവരി 14നാണ് അഹമ്മബദാബാദിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭർത്താവ് തരുൺ ജിൻരാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കവർച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവർച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പോലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാൾ അഹമ്മദാബാദിൽനിന്നും മുങ്ങി. പ്രണയദിന സമ്മാനമായി സജിനിയെ കൊലപ്പെടുത്തിയെന്ന് തരുൺ കാമുകിയെ വിളിച്ചറിയിച്ചെങ്കിലും കൊലപാതകവിവരമറിഞ്ഞ് യുവതി ഞെട്ടി. ഒരു കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി ഉറച്ചുപറഞ്ഞതോടെ തരുൺ ഡൽഹിയിലേക്ക്തിരിച്ചു. ഇതിനിടെ കോളേജിൽ തന്റെ ജൂനിയറായി പഠിച്ച പ്രവീൺ ഭട്ട്ലെ എന്നയാളുടെ സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി. ജോലി നൽകാമെന്ന് പറഞ്ഞാണ് പ്രവീൺ ഭട്ട്ലെയുടെ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയത്. തുടർന്ന് പ്രവീൺ ഭട്ട്ലെ എന്ന പേരിൽ മറ്റു വ്യാജരേഖകളും നിർമിച്ചു. ഡൽഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തു. 2009ൽ പൂണെയിലെ സഹപ്രവർത്തകയായിരുന്ന യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടുമക്കളുണ്ട്. കേരളത്തിൽ കുടുംബവേരുകളുള്ള ജിൻരാജ്-അന്നമ്മ ദമ്പതികളുടെ മകനായ തരുൺ മാതാപിതാക്കൾ മരണപ്പെട്ടെന്ന് കള്ളംപറഞ്ഞാണ് പൂണെ സ്വദേശിനിയെ വിവാഹം കഴിച്ചത്. ഭാര്യയോടുപോലും തന്റെ യഥാർഥവ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് തരുണും കുടുംബവും ബെംഗളൂരുവിലേക്ക് താമസംമാറി. പ്രമുഖ ഐടി കമ്പനിയിൽ സീനിയർ മാനേജറായി. വർഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫ്ളാറ്റിൽ സുഖജീവിതം നയിച്ചു. ഇതിനിടെ അകന്ന ബന്ധുവെന്ന പേരിൽ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു. പ്രതി മുങ്ങിയതോടെ അന്വേഷണംനിലച്ച സജിനി കൊലക്കേസ് 2012-ലാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. സജിനിയുടെ മാതാപിതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. അന്നമ്മയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിൽ യാതൊരും തുമ്പും ലഭിക്കാതെ പോലീസ് സംഘം കുഴങ്ങി. ഇതിനിടെ അന്നമ്മയുടെ ബെംഗളൂരു യാത്രകൾ ശ്രദ്ധയിൽപ്പെട്ടത് നിർണായകമായി. ഫോൺകോളുകളും പരിശോധിച്ചു. ഇതോടെയാണ് ബെംഗളൂരുവിലെ ലാൻഡ്ലൈൻ നമ്പറിൽനിന്നുള്ള ഫോൺകോൾ പോലീസിന്റെ കണ്ണിലുടക്കിയത്. ബെംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാൻഡ്ലൈൻ നമ്പറിൽനിന്ന് കോളുകൾ വരുന്നത് സംശയം വർധിപ്പിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ആറായിരത്തോളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ തരുൺജിൻരാജ് എന്നയാളെ മാത്രം കണ്ടെത്താനായില്ല. അന്നമ്മയുടെ ഫോൺകോളുകൾക്കൊപ്പം ഇവരുടെ ബെംഗളൂരു യാത്രയും കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. പൂണെ സ്വദേശിനിയായ നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് പോലീസിന് പിടികിട്ടി. ഇവരുടെ ഭർത്താവ് ഐടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ, അപ്പോഴും പ്രവീൺ ഭട്ട്ലെ എന്ന പേരിൽ അന്വേഷണം വഴിമുട്ടി. തുടർന്ന് ബെംഗളൂരുവിലെ സഹപ്രവർത്തകരെ ചിത്രം കാണിച്ചാണ് തരുൺ ജിൻരാജ് തന്നെയാണ് പ്രവീൺ ഭട്ട്ലയെന്ന് പോലീസ് ഉറപ്പിച്ചത്. കായികാധ്യാപകനായിരിക്കെ വിരലിന് പരിക്കേറ്റതിനാൽ ഈ അടയാളവും പ്രതിയെ തിരിച്ചറിയാൻ സഹായകമായി. തുടർന്ന് ഐടി സ്ഥാപനത്തിലെത്തി ക്രൈംബ്രാഞ്ച് സംഘം തരുൺ ജിൻരാജിനെ അറസ്റ്റ് ചെയ്തു. 15 വർഷം എല്ലാവരെയും കബളിപ്പിച്ച് പാവം ഓഫീസറെന്ന് അറിയിപ്പെട്ടിരുന്ന തരുൺ ജിൻരാജ് അഴിക്കുള്ളിലേക്ക്. Also Read:പ്രണയദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 15 വർഷത്തിനുശേഷം ഭർത്താവ് പിടിയിൽ
from mathrubhumi.latestnews.rssfeed https://ift.tt/2qe1NoB
via
IFTTT
No comments:
Post a Comment