കൊച്ചി: ന്യൂനമർദ്ദം രൂപം കൊള്ളുന്നതിനേത്തുടർന്ന് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നിലനിൽക്കെ കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച് വിവരങ്ങളില്ല. തോപ്പുംപടി ഹാർബറിൽ നിന്ന് 150 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇവയിൽ പോയവരുമായി ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. കൊച്ചിയിൽ നിന്ന് 600 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇതിൽ 300 എണ്ണം നിർദ്ദേശത്തെ തുടർന്ന് തിരികെയെത്തി. തിരികെ എത്തേണ്ടവയിൽ 150 ബോട്ടുകളെക്കുറിച്ചാണ് വിവരങ്ങൾ ഇല്ലാത്തത്. ഇക്കാര്യം കോസ്റ്റ് ഗാർഡ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്ററിലോ കോസ്റ്റ് ഗാർഡിന്റെ സഹായത്താലോ തിരികെ എത്താത്ത മത്സ്യത്തൊഴിലാളികൾക്ക് ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ് നൽകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ന്യൂനമർദ്ദം ഉണ്ടാകും എന്ന മുന്നറിയിപ്പ് ലഭിക്കുന്നതിന് 10 ദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ആഴക്കടലിലേക്ക് പോയ ഇവരെ ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയുടെയും ഒമാന്റെയും അതിർത്തിയോടു ചേർന്നുള്ള സമുദ്രമേഖലയിലേക്കാണ് ഇവർ പോയിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഒമാൻ തീരത്തേക്കാണ് നീങ്ങുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ബോട്ടുകളിൽ പോയവരുമായി ബന്ധപ്പെടാൻ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ന്യൂനമർദ്ദം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് ഇവർക്ക് ലഭിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2xZYqWT
via
IFTTT
No comments:
Post a Comment