ശ്രീനഗർ: കശ്മീരിൽ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം. അതേസമയം സംസ്ഥാനത്തെ പ്രധാന പാർട്ടികളായ നാഷണൽ കോൺഫറൻസ്, പിഡിപി എന്നിവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. 1100 മുൻസിപ്പൽ വാർഡുകളിൽ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് പോളിങ് സമയം. നാലുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 16നാണ് അവസാന ഘട്ടം. 20 ന് ഫലം പ്രഖ്യാപിക്കും. പ്രധാന കക്ഷികൾ മാറിനിൽക്കുന്നതുകൊണ്ടുതന്നെ ബിജെപിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് കരുതുന്നത്. 2,990 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് 240 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ കശ്മീർ താഴ്വരയിലെ ഏഴ് മുൻസിപ്പാലിറ്റികളുടെ ഭരണം ബിജെപിക്ക് ലഭിക്കും. തീവ്രവാദ ഭീഷണികളെ തുടർന്ന് സ്ഥാനാർഥികളാരും പരസ്യമായ പ്രചാരണപ്രവർത്തനങ്ങൾക്കിറങ്ങിയിരുന്നില്ല. ഒക്ടോബർ ഏഴിനായിരുന്നു ഒന്നാം ഘട്ടം തുടങ്ങിയത്. എന്നാൽ തീവ്രവാദ ഭീഷണിയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതാണ് ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്. 2005 ലെ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിനായിരുന്നു മുൻതൂക്കമുണ്ടായിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 35എയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ പേരിലും അധികം സ്ഥാനാർഥികൾ മത്സരിക്കുന്നില്ല. സുരക്ഷയുടെ ഭാഗമായി 400 കമ്പനി അർധസൈന്യത്തേയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. നിലവിലുള്ള സുരക്ഷാ സൈനികരെ കൂടാതെയാണ് ഇത്രയധികം സൈനികരേക്കൂടി വിന്യസിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2zX3Ymr
via
IFTTT
No comments:
Post a Comment