ഒഡെൻസ: ഡെന്മാർക്ക് ഓപ്പണിലെ കലാശപ്പോരിൽ ഇന്ത്യൻ താരം സൈന നേവാളിന് തോൽവി. ഇന്നു നടന്ന ഫൈനലിൽ തായ്വാന്റെ ലോക ഒന്നാം നമ്പർ താരം തായി സു യിങ്ങിനോടാണ് സൈന തോറ്റത്. ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. ഇതോടെ സൈനക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്കോർ: 13-21, 21-13, 6-21. ആദ്യ ഗെയിം കൈവിട്ട ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന് സൈന അതേ സ്കോറിൽ രണ്ടാം ഗെയിം സ്വന്തമാക്കിയിരുന്നു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ സൈനയെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് തായ് കാഴ്ച വെച്ചത്. സൈന തീർത്തു നിറം മങ്ങിപ്പോയ മൂന്നാം ഗെയിം 21-6 ന് തായ് സ്വന്തമാക്കി. ഇതുവരെ 18 തവണ ഏറ്റുമുട്ടിയതിൽ സൈനക്കെതിരേ തായിയുടെ 13-ാം വിജയമാണിത്. ഇരുവരും ഏറ്റുമുട്ടിയ തുടർച്ചയായ 11-ാം മത്സരത്തിലും വിജയം തായിക്കൊപ്പം നിന്നു. അഞ്ചു തവണയാണ് സൈന വിജയം കണ്ടത്. തായി സു യിങ്ങിനെതിരേ ഈ വർഷം മാത്രം സൈനയുടെ അഞ്ചാം തോൽവിയാണ് ഡെൻമാർക്ക് ഓപ്പണിലേത്. 2013-ലായിരുന്നു സൈനയുടെ അവസാന വിജയം. അതിനുശേഷം നടന്ന 10 മത്സരങ്ങളിലും വിജയം തായ്വാൻ താരത്തിനൊപ്പമായിരുന്നു. ഓഗസ്റ്റിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് സെമിഫൈനലിലും തായ്വാൻ താരത്തോട് സൈന പരാജയപ്പെട്ടിരുന്നു. നേരത്തെ ഇൻഡൊനീഷ്യയുടെ ഗ്രിഗോറിയ മിരസ്ക ടുൻജുങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സൈനയുടെ ഫൈനൽ പ്രവേശനം. ചൈനീസ് താരം ഹി ബിൻഗിയാവോവിനെ പരാജയപ്പെടുത്തിയാണ് തായ്വാൻ താരം ഫൈനലിന് യോഗ്യത നേടിയത്. ജപ്പാൻ താരങ്ങളായ അകാനെ യമാഗുച്ചിയെ പ്രീ ക്വാർട്ടറിലും നൊസോമി ഒകുഹാരയെ ക്വാർട്ടറിലും കീഴടക്കിയായിരുന്നു സൈനയുടെ കുതിപ്പ്. Content Highlights: tai tzu ying beat saina nehwal in denmark open badminton final
from mathrubhumi.latestnews.rssfeed https://ift.tt/2pZkf4q
via
IFTTT
No comments:
Post a Comment