തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി. എല്ലാ ദിവസവും ആയിരം മുതിർന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കും. ശബരിമലയിൽ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയയ്ക്കും. പുരുഷന്മാർക്കുപകരം ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നിൽനിർത്തി, സർക്കാർ നിയന്ത്രണങ്ങളെ മറികടക്കുകയാണ് ബി.ജെ.പി. തന്ത്രം. മണ്ഡല-മകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ ഇവർ നാമജപവുമായി സന്നിധാനത്തുണ്ടാകും. കോടതിവിധി നടപ്പാക്കുന്നതിനെതിരേയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബി.ജെ.പി.യുടേയും എൻ.ഡി.എ.യുടേയും രണ്ടാംഘട്ടസമരം ചൊവ്വാഴ്ച തുടങ്ങുകയാണ്. നട തുറന്നാൽ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 24 മണിക്കൂറിൽക്കൂടുതൽ ആരെയും നിർത്തരുതെന്നാണ് പോലീസിന്റെയും ശുപാർശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോൾ പ്രതിഷേധങ്ങൾക്ക് പരിധിയുണ്ടാകും. പുരുഷന്മാർ പ്രതിഷേധത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ പോലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാൽ, സ്ത്രീകളാകുമ്പോൾ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബി.ജെ.പി.യുടെ നീക്കം. മുതിർന്നസ്ത്രീകൾ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബി.ജെ.പി. പറയുന്നത്. പോലീസുമായി സംഘർഷത്തിന് ഇവർ മുതിരില്ല. നവംബർ 16-ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീർഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബർ 27-ന് മണ്ഡലപൂജ കഴിഞ്ഞാൽ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30-ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20-നാണ്. ഈ ദിവസങ്ങളിൽ ഏതൊക്കെ പ്രദേശങ്ങളിൽനിന്ന് സ്ത്രീകൾ എത്തണമെന്നത് ഉടൻ തീരുമാനിക്കും. സമരം മറ്റുസംസ്ഥാനങ്ങളിലേക്കും ബി.ജെ.പി.യുടെ സമരം തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനും കേന്ദ്രനേതൃത്വത്തിന്റെ അനുമതിയായി. സമരം ശക്തമാക്കാൻ കഴിഞ്ഞദിവസം കേരളത്തിലെത്തിയ ദേശീയ അധ്യക്ഷൻ അമിത്ഷാ നിർദേശം നൽകിയിരുന്നു. ബി.ജെ.പി.യുടെ എല്ലാ മുഖ്യമന്ത്രിമാരെയും തീർഥാടനകാലത്ത് ശബരമലയിലെത്തിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറിൽ അമിത് ഷാ കേരളത്തിൽ പര്യടനത്തിന് എത്തുന്നുണ്ട്. ആ സമയത്ത് അദ്ദേഹവും ശബരിമലയിൽ ദർശനത്തിന് എത്തിയേക്കുമെന്ന് നേതാക്കൾ പറഞ്ഞു. നവംബർ എട്ടിന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര 13-ന് പത്തനംതിട്ടയിലെത്തുമ്പോൾ ഒരുലക്ഷം യുവതികൾ പങ്കെടുക്കുന്ന മഹിളാസംഗമം നടക്കും. ശ്രീധരൻപിള്ള ഡി.ജി.പി. ഓഫീസിനുസമീപം ചൊവ്വാഴ്ച രാവിലെ പത്തുമുതൽ നടത്തുന്ന ഉപവാസത്തോടെയാണ് രണ്ടാംഘട്ടസമരം തുടങ്ങുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Q3Y1cN
via
IFTTT
No comments:
Post a Comment