തിരുവനന്തപുരം: കുമ്മനം രാജശേഖരൻ ബി.ജെ.പി. അധ്യക്ഷപദവി ഒഴിയുകയും പുതിയ അധ്യക്ഷനായി പി.എസ്. ശ്രീധരൻപിള്ള ചുമതലയേൽക്കുകയും ചെയ്തെങ്കിലും പാർട്ടിയിൽ സംസ്ഥാനഭാരവാഹികളിൽ മാറ്റത്തിന് സാധ്യത കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടി ഒരുക്കം തുടങ്ങിയതോടെ അഴിച്ചുപണി ഗുണകരമാകില്ലെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. മിസോറം ഗവർണറായതോടെയാണ് കുമ്മനം രാജശേഖരൻ അധ്യക്ഷപദവി ഒഴിഞ്ഞത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അപ്രതീക്ഷിതമായ തീരുമാനം. അടുത്ത നേതാവ് ആരെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പി.എസ്. ശ്രീധരൻപിള്ളയെ അധ്യക്ഷനാക്കി. പുതിയ അധ്യക്ഷൻ വരുന്നതോടെ മറ്റുഭാരവാഹികളും മാറേണ്ടതായിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ആദ്യ കോർകമ്മിറ്റി യോഗത്തിൽ നിലവിലുള്ള അംഗങ്ങൾ പങ്കെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനുനേരെ പ്രക്ഷോഭത്തിന് തീരുമാനിച്ചത്. പ്രക്ഷോഭവും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പും നടക്കുമ്പോൾ പ്രധാന ഭാരവാഹികളെയൊക്കെ മാറ്റുന്നത് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടൽ. ഭാരവാഹികൾ മാറിയാൽ മണ്ഡലങ്ങളുടെ ചുമതലയുള്ളവർക്ക് പകരം ആളെ നിയോഗിക്കണം. പകരക്കാർ മണ്ഡലത്തെപ്പറ്റി പഠിച്ചുവരുമ്പോഴേക്കും സമയമെടുക്കും. മാസങ്ങൾക്കുള്ളിൽ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ അത്തരമൊരു പരീക്ഷണം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പ്രതികൂലമാകും. സംസ്ഥാനത്തുനിന്ന് ലോക്സഭയിലും പ്രാതിനിധ്യം ഉണ്ടാക്കാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പി. ഇതിനായി പാർട്ടിക്ക് വേരോട്ടമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ശനിയാഴ്ച ന്യൂഡൽഹിയിൽ ആരംഭിച്ച ദേശീയകൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മടങ്ങിയെത്തുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2MdnNZo
via
IFTTT
No comments:
Post a Comment