ചെന്നൈ: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ പോലീസിനും ഹൈക്കോടതിക്കുമെതിരേ അസഭ്യവർഷം നടത്തിയതിനെതിരേ ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്കും മറ്റ് 18 പേർക്കുമെതിരേ കേസ്. പുതുക്കോട്ടയിൽ ശനിയാഴ്ച ഘോഷയാത്ര വഴി മാറ്റിവിടാൻ പോലീസ് ശ്രമിച്ചതിനെത്തുടർന്നായിരുന്നു രാജയുടെ രോഷപ്രകടനം. തമിഴ്നാട്ടിലെ പോലീസ് അഴിമതിക്കാരാണെന്നും പണം വാങ്ങിയാണ് ഘോഷയാത്ര തടയുന്നതെന്നും ആരോപിച്ച രാജ ഹൈക്കോടതിയെയും അസഭ്യം പറഞ്ഞു. കഴിഞ്ഞദിവസം തിരുനൽവേലിയിൽ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ ഹിന്ദു-മുസ്ലിം സംഘർഷമുണ്ടായി. തുടർന്ന് ചെങ്കോട്ട അടക്കമുള്ളയിടങ്ങളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘർഷസാധ്യതയുള്ള സ്ഥലത്തുകൂടി ഘോഷയാത്ര കടന്നുപോകുന്നത് മാറ്റണമെന്ന് പോലീസ് നിർദേശിച്ചതാണ് രാജയെ ചൊടിപ്പിച്ചത്. മറ്റ് മതത്തിൽപ്പെട്ടവരിൽ നിന്ന് കൈക്കൂലിവാങ്ങി പോലീസ് ഹിന്ദുക്കൾക്കെതിരേ പ്രവർത്തിക്കുകയാണെന്നും രാജ ആരോപിച്ചു. ഗണേശോത്സവ ഘോഷയാത്രകൾ നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ മാർഗനിർദേശം ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയ്ക്കെതിരേ തിരിഞ്ഞു. കോടതി മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ രാജ അസഭ്യവാക്കും ഉപയോഗിച്ചു. തമിഴ്നാട്ടിലെ പോലീസ് അഴിമതിയിൽ കുളിച്ചുനിൽക്കുകയാണ്. ഡി.ജി.പി.യുടെ വീട്ടിൽവരെ പരിശോധനനടന്നു. ജയിലിൽ കഴിയുന്ന തീവ്രവാദികൾക്ക് പണംവാങ്ങി ആഡംബര സൗകര്യങ്ങൾ അനുവദിക്കുന്നുണ്ടെന്നും രാജ കുറ്റപ്പെടുത്തി. സംഘർഷസാധ്യതയുള്ള ഗ്രാമത്തിലൂടെ അനുമതിയില്ലാതെയാണ് രാജയുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോടതിയെയും പോലീസിനെയും രാജ അധിക്ഷേപിക്കുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയെ അധിഷേപിച്ചുവെന്ന വാർത്ത നിഷേധിച്ച രാജ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോകളാണെന്ന് ആരോപിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ. രംഗത്തുവന്നു. പോലീസിനെയും കോടതിയെയും അധിക്ഷേപിച്ച രാജയ്ക്കെതിരേ സർക്കാർ കർശന നടപടിയെടുക്കണമെന്ന് ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതി ആവശ്യപ്പെട്ടു. കോടതി സ്വമേധയാ നടപടിയെടുക്കണം ഹൈക്കോടതിക്കെതിരേയുള്ള എച്ച്. രാജയുടെ പരാമർശം അപലപനീയമാണ്. പോലീസിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണമാണ്. അധിഷേപത്തിന്റെ പേരിൽ രാജയ്ക്കെതിരേ കോടതി സ്വമേധയാ നടപടിയെടുക്കണം. -ഡി. ജയകുമാർ (ഫിഷറീസ് വകുപ്പ് മന്ത്രി)
from mathrubhumi.latestnews.rssfeed https://ift.tt/2xjSfvm
via
IFTTT
No comments:
Post a Comment