തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി രാജ്യത്തിനുപുറത്തുള്ള വെബ്സൈറ്റുകൾക്ക് വിൽക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ ഡാർക് നെറ്റ് വഴി വിൽക്കുന്നതിനെക്കുറിച്ച് അന്വേഷണ ഏജൻസിയായ സൈബർ ഡോമിന് തെളിവുലഭിച്ചു. ഈ സാഹചര്യത്തിൽ ഇവയ്ക്ക് തടയിടാനുള്ള പ്രവർത്തനങ്ങൾക്ക് കേരള സൈബർഡോം തുടക്കമിട്ടു. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വൻകിട സുരക്ഷാകമ്പനിയുമായി ചേർന്ന് സോഫ്റ്റ്വേർ വികസിപ്പിക്കുകയാണ് ആദ്യ ഘട്ടം. ചൈന, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഡാർക്നെറ്റിൽ പ്രവർത്തിക്കുന്ന ചില വെബ്സൈറ്റുകൾ സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിൽനിന്നാണ് കേരളത്തിൽനിന്നുള്ള കുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയത്. സൈബർ ഡോം പരിശോധനയിൽ കണ്ടെത്തിയ ചില ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മലയാളം കലണ്ടർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച കൂടുതൽ പരിശോധനകൾ നടത്തിയത്. ഇതേത്തുടർന്ന് ഏതാനും വെബ്സൈറ്റുകളിൽ ഇത്തരം ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്നും അധികൃതർക്ക് മനസ്സിലായി. കൂടുതൽ അന്വേഷണത്തിൽ കേരളത്തിൽനിന്നുതന്നെ കുട്ടികളുടെ ചിത്രങ്ങൾ പകർത്തി വിൽക്കുന്ന സംഘങ്ങളുണ്ടെന്ന സംശയവും ഉദിച്ചു. ചിത്രങ്ങൾക്കുപകരം പണം ലഭിക്കുന്നുവെന്ന സൂചനകളും സൈബർ ഡോം പരിശോധനകളിൽ കണ്ടെത്തി. ഡാർക്നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോയുടെയും വിൽപ്പന തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ല. അതിനാലാണ് കാലിഫോർണിയ കേന്ദ്രമാക്കിപ്രവർത്തിക്കുന്ന ഒരു സൈബർ സുരക്ഷാകമ്പനിയുമായി ചേർന്ന് ഇതിനുള്ള ടൂളുകൾ വികസിപ്പിക്കാൻ കേരളാ സൈബർഡോം തീരുമാനിച്ചത്. കേരളവുമായി ബന്ധപ്പെടുത്തിയുള്ള തിരച്ചിൽ വാക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി അവ തടയാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകത്തിലെ വൻകിടകമ്പനികൾക്ക് സൈബർസുരക്ഷയൊരുക്കി വിജയിച്ചിട്ടുള്ള കമ്പനിയുടെ സേവനമാണ് സൈബർഡോം ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽനിന്നുള്ള ചിത്രങ്ങൾ എവിടെനിന്ന് പകർത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതേക്കുറിച്ച് കേരളാ സൈബർഡോം വിശദമായി പരിശോധിക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർ മനോജ് എബ്രഹാം പറഞ്ഞു. ഡാർക് നെറ്റുകൾ സെർച്ച് എൻജിനുകളുടെ പരിധിയിൽ വരാത്ത, രഹസ്യ നെറ്റ്വർക്കുകൾ. പ്രത്യേക സോഫ്റ്റ്വേറുകൾ വഴിയോ അക്കൗണ്ടുകൾ വഴിയോ മാത്രമേ ഇത്തരം ശൃംഖലയിലേക്ക് കടന്നുകയറാനാവൂ. ബിറ്റ്കോയിൻപോലുള്ള ക്രിപ്റ്റോ കറൻസിയാണ് ഡാർക്നെറ്റിലെ നാണയം. ഡാർക് നെറ്റിലെ വെബ്സൈറ്റുകളും പ്രസ്ഥാനങ്ങളും രഹസ്യമായാണ് പ്രവർത്തിക്കുന്നത്. അധോലോകപ്രവർത്തനം, ആയുധവ്യാപാരം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയവയൊക്കെ ഡാർക് നെറ്റിൽ നടക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2D3nBwx
via
IFTTT
No comments:
Post a Comment