മലപ്പുറം: 'ഉദ്യോഗസ്ഥരെ പിന്നാലെ നടക്കാൻ ന്നെക്കൊണ്ടാവൂലാ. കൈക്കൂലി കൊടുക്കാന് പൈസീല്യ. അതാ ഓര് ന്നോടീ ചതി ചെയ്തത്' - ഇത് കദിയക്കുട്ടിയുടെ സങ്കടം. മലപ്പുറം വലിയങ്ങാടി സ്വദേശിനി പുള്ളിയിൽ കദിയക്കുട്ടിക്ക് പ്രായം അറുപത്തിയഞ്ച്. 26 വർഷമായി വാടകവീട്ടിൽ. ഭർത്താവ് ഉപേക്ഷിച്ചതാണ്. ബന്ധുക്കളാരും അവരെ നോക്കാൻ പറ്റിയ അവസ്ഥയിലല്ല. ഇപ്പോൾ കുന്നുമ്മലിലെ ഒറ്റമുറി വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മലപ്പുറത്തെ ചില കടകൾ അടിച്ചുവാരിയാൽ കിട്ടുന്ന തുച്ഛമായ തുകയാണ് വരുമാനം. അത് 'അരി വാങ്ങാൻ'പോലും തികയില്ല. സർക്കാരിൽനിന്ന് കിട്ടിയിരുന്ന സാമൂഹിക സുരക്ഷാ പെൻഷനായിരുന്നു ആശ്വാസം. ഇപ്പോൾ അതും മുടങ്ങി. കദിയക്കുട്ടിക്ക് സ്വന്തമായി വിലപിടിപ്പുള്ള കാറുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ! പെൻഷൻ കിട്ടാതെ മലപ്പുറം നഗരസഭയിലെത്തിയപ്പോഴാണ് ഇല്ലാത്ത കാറിന്റെ പൊല്ലാപ്പറിഞ്ഞത്. 'കാറ് ണ്ടെന്ന് കേട്ടപ്പോ ന്ക്ക് ചിരിവന്ന്. അത് കണ്ട് നഗരസഭക്കാരും ചിരിച്ച്. എല്ലാർക്കും ന്റെ കഷ്ടപ്പാട് അറിയാ. ന്നട്ടും ഓല് ന്നോട് ഇപ്പണി ചെയ്തത് എന്തിനാണാവോ ?' - ഇനിയെങ്ങനെ ജീവിക്കുമെന്നറിയാതെ വേദനിക്കുകയാണ് ഈ വയോധിക. വീടിന് 2000 രൂപ വാടക കൊടുക്കണം. ഭക്ഷണ സാധനങ്ങളും മരുന്നും വാങ്ങണം. കടകൾ കയറിയിറങ്ങി അടിച്ചുവാരാൻ പഴയപോലെ ആരോഗ്യം അനുവദിക്കുന്നില്ല. മൂന്നുവർഷമായി കിട്ടിയിരുന്ന പെൻഷനാണ് മുടങ്ങിയത്. പുതിയ സർക്കാർ വന്ന് പെൻഷൻ 1100 രൂപയാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. അതിന് പക്ഷേ, അധികം ആയുസുണ്ടായില്ല. ഇടക്കാലത്ത് കദിയക്കുട്ടിക്ക് പാവപ്പെട്ടവർക്കുള്ള ഫ്ളാറ്റ് നൽകാമെന്ന് നഗരസഭ പറഞ്ഞിരുന്നു. അതിനായി പണവും അടച്ചു. പക്ഷേ, ഒന്നും നടന്നില്ല. പണം തിരിച്ചുകിട്ടിയത് മിച്ചം. പെൻഷൻ മുടങ്ങിയത് 59,621 പേർക്ക് ഇത് കദിയക്കുട്ടിയുടെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്ത് 59,621 പേരുടെ സാമൂഹിക സുരക്ഷാ പെൻഷനാണ് മുടങ്ങിയത്. കാറുണ്ടെന്നും മരിച്ചെന്നും 1200 ചതുരശ്ര അടിക്ക് മുകളിൽ വീടുണ്ടെന്നും കാരണം പറഞ്ഞാണ് ഭൂരിപക്ഷം പേരെയും അയോഗ്യരാക്കിയത്. എന്നാൽ, പെൻഷൻ തടഞ്ഞ പലരും വീടോ കാറോ ഉപജീവന മാർഗമോ ഇല്ലാത്തവരാണ്. മരിച്ചവരെന്ന് രേഖപ്പെടുത്തിയ ഒട്ടേറെ പേർ ജീവിച്ചിരിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 40,61,391 പേർക്കായിരുന്നു പെൻഷൻ. അതിൽ 64,238 പേരുടെതാണ് അനർഹരെന്ന് പറഞ്ഞ് തടഞ്ഞത്. അപാകം കണ്ടെത്തി 4617 പേരുടെത് പുനഃസ്ഥാപിച്ചു. ബാക്കിയുള്ളവരുടെ (59,621 പേർ) കാര്യത്തിലും വ്യാപകമായി പരാതി ഉയരുന്നതിനാൽ വസ്തുതാന്വേഷണം നടത്തി അർഹരായവർക്ക് പെൻഷൻ പുനഃസ്ഥാപിക്കാൻ തദ്ദേശവകുപ്പ് കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2oTB0gO
via
IFTTT
No comments:
Post a Comment