തേഞ്ഞിപ്പലം: പ്ലസ്‌വൺ പഠനകാലത്ത് ബസ് കഴുകിക്കൊണ്ടാണ് അനൂപ് വണ്ടിപ്പണിയിലേക്ക് ചുവടുവെച്ചത്. ബിരുദവും പി.ജി.യും കഴിഞ്ഞ് എം.ഫിൽ. നേടുന്നതിനിടയ്ക്ക് ക്ലീനറായും ചെക്കറായും കണ്ടക്ടറായും ഒടുവിൽ ഡ്രൈവറായും ഓട്ടം തുടരുകയാണ് അനൂപ്. അടുത്തലക്ഷ്യം പി.എച്ച്.ഡി.യാണ്.വള്ളിക്കുന്ന് അരിയല്ലൂർ കരുമരക്കാട് സ്വദേശിയായ അനൂപ് ഗംഗാധരൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫോക്‌ലോറിലാണ് എം.ഫിൽ. നേടിയത്. അവധിദിവസങ്ങളിൽ ബസ്സോടിക്കലായിരുന്നു ജോലി. റെയിൽവേയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ചെഞ്ചരൊടി വീട്ടിൽ ഗംഗാധരൻ-ഭാർഗവി ദമ്പതിമാരുടെ മകനാണ് അനൂപ്.അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്സിലായിരുന്നു ഹൈസ്കൂൾ പഠനം. പ്രൈവറ്റായി പഠിച്ച് പ്ലസ്ടുവും ബി.എ. ഇംഗ്ലീഷും നേടിയെടുത്തു. അച്ഛന്റെ വരുമാനം വീട് നിർമാണത്തിനും സഹോദരിയുടെ വിവാഹത്തിനുമൊക്കെയായി ചെലവഴിക്കേണ്ടി വന്നപ്പോൾ അനൂപ് പ്ലസ്‌വൺ പഠനകാലത്തുതന്നെ പണിക്കിറങ്ങിയിരുന്നു. ബസ് ക്ലീനറായും കൽപ്പണി, പെയിന്റിങ്, വയറിങ് തുടങ്ങിയവയിൽ സഹായിയായും പഠനംതുടർന്നു. 2013-ലാണ് കാലിക്കറ്റിലെ ഫോക് ലോർ വിഭാഗത്തിൽ പി.ജിക്ക് ചേർന്നത്. തുടർന്ന് എം.ഫിലും ഇവിടെത്തന്നെ പഠിച്ചു. കാലിക്കറ്റിലെ വിദൂരവിഭാഗം വഴി എം.എ. ഇംഗ്ലീഷ് പഠനത്തിന് ചേർന്ന അനൂപിന്റെ അടുത്ത ലക്ഷ്യം പി.എച്ച്.ഡി.യാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2oQPMF9
via
IFTTT
No comments:
Post a Comment