ചെറുതോണി: ഒരു മാസത്തിനുശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു. ജലനിരപ്പ് 2390.98 അടിയായപ്പോൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് തുറന്നു വെച്ചിരുന്ന നടുവിലത്തെ ഷട്ടർ അടച്ചത്. നാല് ഷട്ടറുകൾ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 2399.04 അടിയായപ്പോൾ ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 12.30-നാണ് അണക്കെട്ടിന്റെ നടുക്കത്തെ ഷട്ടർ 50 സെന്റീമീറ്റർ തുറന്നത്. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യുകയും വൃഷ്ടിപ്രദേശങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തതോടെ ഓഗസ്റ്റ് 10-ന് രാവിലെ ഏഴിന് രണ്ട് ഷട്ടറുകൾ കൂടി 40 സെന്റീമീറ്റർ വീതം ഉയർത്തി. അന്ന് ഉച്ചയ്ക്ക് ബാക്കി ഷട്ടറുകളും തുറന്നു. അഞ്ച് ഷട്ടറുകളിൽനിന്നും സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് 13-ന് രണ്ട് ഷട്ടറുകൾ അടച്ചു. കനത്ത മഴപെയ്തതിനെ തുടർന്ന് 15-ന് വീണ്ടും മുഴുവൻ തുറന്നു. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർകൂടി തുറന്നതോടെ ഓഗസ്റ്റ് 17-ന് ഡാമിലെ ജലനിരപ്പ് 2402.36 വരെ എത്തി. ഇതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി സെക്കൻഡിൽ 15 ലക്ഷം ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. പിന്നീട് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വിലയിരുത്തി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവിൽ കുറവുവരുത്തി. മഴ കുറഞ്ഞതോടെ രണ്ട് ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറിലൂടെ സെക്കൻഡിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ഒഴുക്കി. കഴിഞ്ഞ ഞായറാഴ്ച ഇതിൽ രണ്ട് ഷട്ടറുകൾകൂടി അടച്ചു. അവശേഷിച്ച ഒരു ഷട്ടറിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിക്കൊണ്ടിരുന്നത്. ഈ ഷട്ടറാണ് വെള്ളിയാഴ്ച അടച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വി.എസ്. ബാലുവിന്റെ നേതൃത്വത്തിൽ പരിശോധിച്ചശേഷമാണ് ഷട്ടർ താഴ്ത്തിയത്. ഡാമിലേക്ക് നിലവിൽ സെക്കൻഡിൽ ഒഴുകിയെത്തുന്നത് 32 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമാണ്. വൈദ്യുതി ഉത്‌പാദനത്തിന് സെക്കൻഡിൽ 115 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളം ഉപയോഗിക്കുന്നുണ്ട്. നിർദേശം ലഭിച്ചത് ഉച്ചയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തുമ്പോൾ ഷട്ടർ അടയ്ക്കാമെന്ന റിപ്പോർട്ട് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽനിന്ന് കഴിഞ്ഞ ദിവസമാണ് ചീഫ് എൻജിനീയർക്ക് അയച്ചത്. ചീഫ് എൻജിനീയറുടെ ഓഫീസ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കുശേഷം ഡാം അടയ്ക്കാനുള്ള നിർദേശം വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30-നാണ് എക്സിക്യുട്ടീവ് എൻജിനീയർക്ക് നൽകിയത്. ജില്ലാ ഭരണകൂടത്തെയും പോലീസ് മേധാവിയെയും വിവരം അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷമാണ് ഷട്ടറുകൾ അടച്ചത്. 30 ദിവസം: ഒഴുക്കിവിട്ടത് 1063 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളംഒാഗസ്റ്റ് ഒമ്പതുമുതൽ സെപ്റ്റംബർ ഏഴുവരെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ഒഴുക്കിവിട്ടത് 1063.26 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമാണ്. ഇത്രയും വെള്ളം ഉപയോഗിച്ച് ഏകദേശം 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുവാൻ കഴിയും. 30 ദിവസം തുറന്നത് ചരിത്രത്തിലാദ്യംഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമാണ് 30 ദിവസം തുടർച്ചയായി ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത്. ഇതിന് മുമ്പ് ഡാം തുറന്നത് 1981-ലും 1992-ലുമാണ്. 1981 ഒക്ടോബർ 29-ന് ഡാം തുറന്ന് ഒമ്പത് ദിവസത്തിനുശേഷം അടച്ചു. 1992-ൽ ഒക്ടോബർ 12-ന് തുറന്ന ഡാം 13 ദിവസത്തിനുശേഷം അടച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2QestBn
via
IFTTT
No comments:
Post a Comment