കോട്ടയം: സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെപേരിൽ, ജില്ലാ പഞ്ചായത്തംഗമായ വനിതയെ സി.പി.എം. തരംതാഴ്ത്തി. വെള്ളൂർ ഡിവിഷനിൽനിന്നുള്ള അംഗവും ചെമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കല മങ്ങാട്ടിനെയാണ് ലോക്കൽ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്. പോസ്റ്റിനുതാഴെ അനുകൂലമായി കമന്റിട്ട ലോക്കൽ കമ്മിറ്റി അംഗം വി.പി.അജിമോനെയും തരംതാഴ്ത്തി. തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ പ്രമുഖനേതാവിന്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യംചെയ്തതും നടപടിയെടുക്കാൻ കാരണമായെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപമുയർന്നിട്ടുണ്ട്. വെള്ളൂരിൽനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും, താമസസ്ഥലമായ മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിലാണ് കല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ ഇവർ ഔദ്യോഗികപാനലിനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുദിവസങ്ങൾക്കുശേഷമാണ് സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ, മത്സരിച്ചുതോറ്റതിലുള്ള വിരോധംമൂലം പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നീക്കം നടത്തുകയാണെന്നായിരുന്നു നേതൃത്വത്തിന്റെ ആരോപണം. ഇക്കാര്യം ഇവർ നിഷേധിക്കുകയും, വിശദീകരണം നൽകുകയുംചെയ്തു. തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും ഏരിയാനേതൃത്വം ഇടപെട്ട് പ്രശ്നം മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ ചർച്ചചെയ്യിക്കുകയായിരുന്നു.കാര്യമായ വിശദീകരണംപോലും തേടാതെ കലയെ മറവൻതുരുത്ത് ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. കലയുടെ പോസ്റ്റിനനുകൂലമായി കമന്റിട്ട അജിമോനെ ആലുംചുവട് ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. കഴിഞ്ഞദിവസം ചേർന്ന ഏരിയാ കമ്മിറ്റി നടപടിക്ക് അംഗീകാരം നൽകുകയുംചെയ്തു. ഏരിയാ കമ്മിറ്റിയുടെ വരവുചെലവു കണക്കുകൾ കൃത്യമായി അവതരിപ്പിക്കുന്നില്ലെന്നും സ്ത്രീകൾക്ക് ഏരിയാ കമ്മിറ്റിയിൽ അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, നേതൃത്വം ഇതു ചർച്ചചെയ്യാൻ തയ്യാറായില്ല. ഇതിനു പിന്നാലെ, ഏരിയാ നേതാവിന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറവൻതുരുത്തിൽനിന്നുള്ള പ്രവർത്തകർ പാർട്ടി മേൽഘടകങ്ങൾക്കു പരാതികൾ അയച്ചിരുന്നു. ഇതുസംബന്ധിച്ചു യാതൊരു ചർച്ചയും നടത്താൻ തയ്യാറാകാത്ത നേതൃത്വം, ജില്ലാ പഞ്ചായത്തംഗമടക്കമുള്ളവർക്കെതിരേ നടപടിയെടുക്കുകയാണുണ്ടായതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.വെള്ളൂർ സഹകരണബാങ്കിൽ നടന്ന അഴിമതിയിൽ നേതാക്കൾക്കു പങ്കുണ്ടെന്ന റിപ്പോർട്ടു വന്നിട്ടും നടപടി സ്വീകരിക്കാത്തതിലും അമർഷമുണ്ട്. ഇതിനിടെ, പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കല മങ്ങാട്ട് പാർട്ടിനടപടിയെത്തുടർന്ന് വെള്ളൂർ ഡിവിഷനിൽനിന്നു വിട്ടുനിൽക്കുകയാണ്. എന്നാൽ, നടപടിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് കല പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NY1RTN
via
IFTTT
No comments:
Post a Comment