മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സഞ്ചരിച്ച വിമാനം കഴിഞ്ഞ ഏപ്രിലിൽ അപകടത്തിന്റെ വക്കിലെത്തിയ സംഭവത്തിന് പിന്നിൽ പൈലറ്റുമാരുടെ പിഴവെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ). രാഹുൽ സഞ്ചരിച്ച ഫാൽക്കൺ 2000 വിമാനത്തിന് സാങ്കേതിക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.സി.എ രൂപവത്കരിച്ച സമിതിയുടെ 30 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തന രഹിതമായശേഷം 15 മിനിട്ട് കഴിഞ്ഞാണ് ജീവനക്കാർ നടപടികൾ സ്വീകരിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സെക്കൻഡുകൾക്കകം നടപടി സ്വീകരിച്ച് അപകടം ഒഴിവാക്കുകയാണ് പൈലറ്റുമാർ ചെയ്യേണ്ടതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ നടപടികൾ സ്വീകരിക്കാൻ വൈകിയെന്നും റിപ്പോർട്ടിൽ ഡിജിസിഎയുടെ പറയുന്നു. കർണാടകത്തിലേക്ക് പോയ രാഹുൽഗാന്ധി സഞ്ചരിച്ച പത്ത് സീറ്റുള്ള വിമാനമാണ് ഏപ്രിൽ 26 ന് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനം ആടിയുലയുകയും പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. രാഹുലിന് പുറമെ മറ്റ് നാലുപേരും രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനും എൻജിനിയറുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് വൃത്തങ്ങളാണ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിനൊപ്പം വിമാനത്തിൽ സഞ്ചരിച്ച കൗശൽ വിദ്യാർഥിയാണ് പോലീസിന് പരാതി നൽകിയത്. ഇതേത്തുടർന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പിന്നാലെയാണ് ഡി.ജി.സി.എ അന്വേഷണ സമിതി രൂപവത്കരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2MCCRVD
via
IFTTT
No comments:
Post a Comment