എരമംഗലം: ചേലാകർമം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തിൽ പെരുമ്പടപ്പ് പാറയിലെ കെ.വി.എം. ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്. വെള്ളിയാഴ്ച മെഡിക്കൽസംഘം ആശുപത്രിയിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് ഉത്തരവ്.ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ആശുപത്രിക്കുണ്ടായതെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. ആശുപത്രിയുടെ പ്രവർത്തനം അപകടകരവും പൊതുജനങ്ങൾക്കും രോഗികൾക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും കണ്ടെത്തി. തുടർന്നാണ് 24 മണിക്കൂറിനകം ആശുപത്രി അടച്ചുപൂട്ടണമെന്ന ഉത്തരവ് മെഡിക്കൽസംഘം ആശുപത്രി അധികൃതർക്ക് കൈമാറിയത്.ഏപ്രിൽ 18-നാണ് മാറഞ്ചേരി സ്വദേശികളായ നൗഷാദ്-ജമീല ദമ്പതിമാരുടെ 28 ദിവസം പ്രായമായ കുഞ്ഞിൻറെ ചേലാകർമം ഈ ആശുപത്രിയിൽ നടത്തിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ആഴത്തിൽ മുറിവുപറ്റി മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ചങ്ങരംകുളം, തൃശ്ശൂർ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി മൂത്രം പോകാൻ അടിവയറ്റിൽ ദ്വാരമിട്ടു. ജമീല കെ.വി.എം. ആശുപത്രിക്കെതിരേ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും നിസ്സാരവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കുടുംബം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും തുടർന്ന് ആരോഗ്യവകുപ്പ് ഇടപെടുകയുമായിരുന്നു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പരിശോധന നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2QzVR5B
via
IFTTT
No comments:
Post a Comment