ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ജി.എസ്.ടി.ക്കുമേൽ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സർക്കാർ. ചില ഉത്പന്നങ്ങൾക്കുമേൽ മാത്രം (ഉദാ: പുകയില) നിശ്ചിതകാലത്തേക്ക് 'ദുരിതാശ്വാസ സെസ്' ചുമത്തി കേരളത്തെ സഹായിക്കാമെന്നാണ് ധാരണ. ഇതിന് മറ്റുസംസ്ഥാനങ്ങളുടെ സമ്മതം വേണം. അതുകൊണ്ട് 28-നുനടക്കുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ പരിഗണനയ്ക്കുവെക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിവിധ വകുപ്പുസെക്രട്ടറിമാർ എന്നിവരുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജി.എസ്.ടി. കൗൺസിലോ മന്ത്രിതല സമിതിയോ ആകും അന്തിമതീരുമാനമെടുക്കുക. ചിലപ്പോൾ ഓർഡിനൻസും വേണ്ടിവന്നേക്കാം. പുനർനിർമാണത്തിനായി വിദേശവായ്പ എടുക്കുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. എ.ഡി.ബി., ലോകബാങ്ക്, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള ദീർഘകാല വായ്പകളാണ് സംസ്ഥാനം പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഇതുൾപ്പെടുത്തരുതെന്ന് കേരളം ആവശ്യപ്പെട്ടു. അതേസമയം, വായ്പാപരിധി മൂന്നു ശതമാനത്തിൽനിന്ന് ഉയർത്തുന്നതിനോട് കേന്ദ്രത്തിന് യോജിപ്പില്ല. കേരളത്തിന് പരിധി അൽപ്പം ഉയർത്തി നൽകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ധനക്കമ്മി കൂട്ടാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ പ്രായോഗികമായി എന്തുചെയ്യാമെന്ന് പരിശോധിക്കും. ജി.എസ്.ടി. സെസ്: സുപ്രീംകോടതി വിധി നിർണായകം ജി.എസ്.ടി. സെസ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള കേസ് സുപ്രീംകോടതിയിൽ നടക്കുന്നുണ്ട്. അതിന്റെ വിധികൂടി പരിഗണിക്കേണ്ടിവരുമെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ജി.എസ്.ടി.ക്കുമേൽ 10 ശതമാനം സെസ് ചുമത്തി 2000 കോടി രൂപയോളം കണ്ടെത്താനായിരുന്നു കേരളം ലക്ഷ്യമിട്ടത്. എന്നാൽ, കേരളത്തിനുമാത്രമായി ജി.എസ്.ടി.യുടെ വെബ്സൈറ്റിൽ മാറ്റം വരുത്തുക പ്രായോഗികമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ ചെറിയ ശതമാനം സെസ് ചുമത്താമെന്ന് നിർദേശിച്ചത്. സംസ്ഥാനം ലക്ഷ്യമിട്ട തുക ലഭിക്കുംവരെയാകും സെസ് പിരിക്കുക. ജി.എസ്.ടി.യിൽ കേരളത്തിനുലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ ഇത് തട്ടിക്കിഴിക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2NW03hq
via
IFTTT
No comments:
Post a Comment