കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളെയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കി സ്വാധീനിക്കാന്‍ വീണ്ടും കോടനാട് പള്ളി വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പില്‍. ''നിങ്ങള്‍ എന്തിന് വിജാതീയര്‍ക്കൊപ്പം സമരം ചെയ്തു. ബിഷപ്പിനെതിരെ പോലീസില്‍ പരാതി നല്‍കിയതും സമരം ചെയ്തതും തെറ്റായിപ്പോയി. സഭയെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് നിങ്ങള്‍ ചെയ്യുന്നത്'' എന്നിങ്ങനെ കന്യാസ്ത്രീകളെ മാനസികമായി സമ്മര്‍ദ്ദിലാക്കി കേസില്‍ നിന്ന് പിന്മാറ്റുന്നതിനുള്ള നീക്കമാണ് വൈദികന്‍ നടത്തിയത്. രാവിലെ കുറവിലങ്ങാടുള്ള മഠത്തില്‍ എത്തിയാണ് വൈദികന്‍ കന്യാസ്ത്രീകളെ കണ്ടത്. 11.30 ഓടെ മഠത്തിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. വൈദികന്റെ നീക്കം മനസ്സിലാക്കിയ കന്യാസ്ത്രീകള്‍ അദ്ദേഹത്തെ തങ്ങളുടെ പ്രതിഷേധമറിയിച്ച് മടക്കി അയച്ചുവെന്ന് സിസ്റ്റര്‍ അനുപമ 'മംഗളം ഓണ്‍ലൈനോട്' പറഞ്ഞു.
ബിഷപ്പിനെതിരെ പോലീസില്‍ കേസുകൊടുത്തതും സമരം ചെയ്തതും ശരിയായില്ലെന്ന് പറഞ്ഞ് തങ്ങളില്‍ കുറ്റബോധമുണ്ടാക്കി സ്വാധീനിക്കാനുള്ള നീക്കമാണ് നടത്തിയത്. വിജാതീയരാണ് സമരം നടത്തിയതെന്നും വൈദികന്‍ കുറ്റപ്പെടുത്തി. സമരം ചെയ്തവര്‍ എങ്ങനെയാണ് വിജാതീയര്‍ ആയതെന്ന കന്യാസ്ത്രീകളുടെ തിരിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് സഭയില്‍ നിന്ന് നീതികിട്ടാതെ വന്നതോടെയല്ലേ സമരം ചെയ്യേണ്ടിവന്നതെന്നും സഭ ഒരു സമരപ്പന്തല്‍ കെട്ടിത്തന്നിരുന്നെങ്കില്‍ തങ്ങള്‍ മറ്റാരുടേയും സഹായം തേടാതെ അവിടെപോയി ഇരിക്കുമായിരുന്നുവല്ലോ. വിജാതീയര്‍ അല്ല നല്ലവരായ മനുഷ്യരാണ് സമരത്തിന് പിന്തുണ നല്‍കിയതെന്നും മറുപടി നല്‍കിയതായി കന്യാസ്ത്രീകള്‍ പറഞ്ഞു.
കര്‍ദ്ദിനാളിന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത് ശരിയായില്ലെന്നായിരുന്നു അടുത്ത ആരോപണം. അങ്ങനെ ചെയ്യരുതായിരുന്നു. ഇനിയും നിങ്ങള്‍ കാത്തിരിക്കണമായിരുന്നു. സഭയില്‍ പരാതി നല്‍കിയിട്ട് പോലീസില്‍ പരാതി നല്‍കിയത് ശരിയായില്ല. ഇനിയും കാത്തിരിക്കുകയായിരുന്നു വേണ്ടതെന്നും വൈദികന്‍ പറഞ്ഞതായി സി.അനുപമ പറഞ്ഞു. എന്നാല്‍ സഭയില്‍ ഇത്രയും കാലം കാത്തിരുന്നിട്ടും ഉത്തരമൊന്നും കിട്ടിയില്ലല്ലോ, ബിഷപ്പ് ഫ്രാങ്കോ തന്നെയല്ലേ തങ്ങളുടെ കുടുംബക്കാര്‍ക്കെതിരെ ആദ്യം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് ചോദിച്ചപ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങള്‍ പറയുകയായിരുന്നുവെന്നും കേസ് കൊടുക്കേണ്ടിവന്നതെന്നും വൈദികനെ അറിയിച്ചതായി സിസ്റ്റര്‍ അനുപമ പറഞ്ഞു.
അച്ചന്‍ ഞങ്ങള്‍ക്കെതിരെ ഇടവകയില്‍ പറഞ്ഞത് ശരിയായില്ലെന്നും അവര്‍ അദ്ദേഹത്തെ പരാതി അറിയിച്ചു. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടുപോയി എന്നു കേട്ടപ്പോഴാണ് അങ്ങനെ പറയേണ്ടിവന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ അക്കാര്യം ഞങ്ങളോടൊന്ന് ചോദിച്ച് വ്യക്തത വരുത്തിയിട്ട് പറഞ്ഞാല്‍ പോരായിരുന്നോ? ഞങ്ങള്‍ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന് അച്ചന് അറിയാന്‍ പാടില്ലേ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ലെന്നും സി.അനുപമ ചൂണ്ടിക്കാട്ടി.
നിങ്ങള്‍ സമരവുമായി പോയതുകൊണ്ട് സഭയിലെ ദൈവവിളി നഷ്ടപ്പെടുത്തി. നിങ്ങള്‍ പുറത്തിറങ്ങരുതായിരുന്നു. സഭയില്‍ തന്നെ കാത്തിരിക്കണമായിരുന്നു. കര്‍ദ്ദിനാളിന്റെ ഓഡിയോ പുറത്തുവിട്ടത് ശരിയായില്ല. കത്തോലിക്കരല്ല, വിജാതീയര്‍ ആയിരുന്നു സമരത്തില്‍ ഒപ്പമുണ്ടായിരുന്നത്. കത്തോലിക്കാസഭ മുഴുവന്‍ നിങ്ങള്‍ക്കെതിരാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി തങ്ങളെ തളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഞങ്ങളും നിലപാടില്‍ തന്നെ ഉറച്ചുനിന്നതോടെ കത്തോലിക്കാ സഭയില്‍ നവീകരണം അനിവാര്യമാണെന്ന് അദ്ദേഹവും പറഞ്ഞുവെന്ന് സി.അനുപമ വ്യക്തമാക്കി.
അതേസമയം, ഇടവകാംഗങ്ങള്‍ എന്ന നിലയിലാണ് രണ്ട് കന്യാസ്ത്രീകളെ കാണാന്‍ എത്തിയതെന്നും ഫാ.നിക്കൊളാസ് തിരിച്ചുപോകവേ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മൊഴിയൊന്നും മാറ്റിയിട്ടില്ല. മാധ്യമങ്ങളാണ് മൊഴിമാറ്റിയതായി പറഞ്ഞതെന്ന് ഫാ.നിക്കൊളാസ് പറയുന്നു. എന്നാല്‍ വൈദികന്‍ പരാതിക്കാരിയേയും സഹോദരിയെയും കാണാനോ അവരോട് സംസാരിക്കാനോ തയ്യാറായില്ലെന്നും സി.അനുപമ പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കൊപ്പം ആദ്യഘട്ടത്തില്‍ നിന്ന് ഫാ.നിക്കൊളാസ് അവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ശക്തമായ തെളിവുകള്‍ അവരുടെ കയ്യിലുണ്ടെന്ന് ബോധ്യമുണ്ടെന്നും പറഞ്ഞ ഫാ.നിക്കൊളാസ്, പിന്നീട് ആ നിലപാട് തിരുത്തിയിരുന്നു. നിലപാട് മാറ്റത്തില്‍ ബുദ്ധിമുട്ടുണ്ടെന്നും അക്കാര്യം അവരെ അറിയിക്കാനും ഖേദം പ്രകടിപ്പിക്കാനുമാണ് കുറവിലങ്ങാട് മഠത്തിലേക്ക് പോകുന്നതെന്നാണ് വൈദികന്‍ കന്യാസ്ത്രീയുടെ സഹോദരനെ അറിയിച്ചിരുന്നത്.
കേസിലെ പരാതിക്കാരിയേയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ഫാ.നിക്കൊളാസിനെതിരെ പോലീസിന് കേസെടുക്കാവുന്നതാണ്. സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റിക്കാനും ശ്രമിച്ചതിന് ഫാ.ജെയിംസ് ഏര്‍ത്തയിലിനും ഫാ.പീറ്റര്‍ കാവുംപുറത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. കന്യാസ്ത്രീകളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ പോലീസ് രേഖപ്പെടുത്താനിരിക്കേയാണ് മറ്റൊരു വൈദികന്‍ കൂടി സ്വാധീനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
from mangalam.com https://ift.tt/2OXPrMh
via IFTTT
No comments:
Post a Comment