ലോസ് ആഞ്ചലിസ്: സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിൽ ഡോക്ടറും കാമുകിയും അറസ്റ്റിൽ. അമേരിക്കയിലെ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റൊബിഷ്യക്സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്. നൂറുകണക്കിനു സ്ത്രീകളെ ഇരുവരും ചേർന്ന് വലയിലാക്കുകയും ലൈംഗികാക്രമണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. രണ്ടു സ്ത്രീകളെ ലഹരിപദാർഥങ്ങൾ നൽകി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽസമാനമായ രീതിയിൽ ഇവർനിരവധി പേരെ ആക്രമണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സൂചന ലഭിച്ചു. നൂറുകണക്കിന് പേരാണ് തങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ മുന്നോട്ടുവരുന്നതെന്നും അനേകം പേർ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഓറഞ്ച് കൗണ്ടി പോലീസ് വക്താവ് മൈക്കേൽ വാൻഡെർ ലിൻഡൻ വെളിപ്പെടുത്തി. അന്വേഷണത്തിനിടെ റൊബിഷ്യക്സിന്റെ ഫോണിൽനിന്ന് അനവധി വീഡിയോകൾ പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. പലരും ക്രൂരമായ ആക്രമണത്തിനിരയായിരുന്നു. ചിലർ നഗ്നരും ബോധരഹിതരുമായിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് നൂറുകണക്കിനു പേർ ആക്രമണത്തിന് ഇരയായെന്ന സൂചന ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. വളരെ ആസൂത്രിതമായാണ് റൊബിഷ്യക്സും കാമുകി റിലേയും ചേർന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു. കൂടാതെ, വൻകിട ഫെസ്റ്റിവലുകളിലും ഇവർ പങ്കെടുത്തിരുന്നു. ഇവിടങ്ങളിൽനിന്ന് തങ്ങൾക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകർഷകമായ പെരുമാറ്റവുംകൊണ്ട് അവരെ കെണിയിൽ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്. കൊക്കെയിൻ അടക്കം വിവിധയിനം മയക്കുമരുന്നുകൾ നൽകി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്സിന്റെ ന്യൂപോർട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് ഇവർആക്രമണത്തിന് വിധേയമാക്കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PK5Eoj
via
IFTTT
No comments:
Post a Comment