ന്യൂഡൽഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും വിമാനത്താവളത്തിൽ അദ്ദേഹത്തിന്റ വരവും പോക്കും അറിയിച്ചാൽ മതിയെന്നും സി.ബി.ഐ. 2015-ൽ മുംബൈ പോലീസിനെ അറിയിച്ചിരുന്നെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ടുചെയ്തു. മല്യയെ അറസ്റ്റുചെയ്യണമെന്ന ലുക്കൗട്ട് നോട്ടീസ് അബദ്ധത്തിൽ തയ്യാറാക്കിയതാണെന്നും സി.ബി.ഐ. മുംബൈ പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നു.ലുക്കൗട്ട് നോട്ടീസ് മയപ്പെടുത്തിയത് ‘വിലയിരുത്തലിൽ ഉണ്ടായ പിഴവ്’ ആണെന്നാണ് കഴിഞ്ഞദിവസം സി.ബി.ഐ. അവകാശപ്പെട്ടിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇംഗ്ലീഷ് പത്രം പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, ആദ്യ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമ്പോൾ മല്യയെ അറസ്റ്റുചെയ്യാനുള്ള ‘മതിയായ കാരണങ്ങൾ’ ഉണ്ടായിരുന്നില്ലെന്നാണ് സി.ബി.ഐ. നല്കുന്ന വിശദീകരണം. “അന്ന് അദ്ദേഹം പാർലമെന്റംഗമായിരുന്നു. അറസ്റ്റുചെയ്യാൻ വാറന്റുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലുക്കൗട്ട് നോട്ടീസിലെ ‘തടഞ്ഞുവെക്കൽ’ മാറ്റി ‘അറിയിക്കണം’ എന്നാക്കി തിരുത്തിയത്”-സി.ബി.ഐ. വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. അന്ന് മല്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. 2015 ഒക്ടോബർ 12-നാണ് ആദ്യത്തെ സർക്കുലർ പുറപ്പെടുവിച്ചത്. മല്യ വിദേശത്തുനിന്ന് ഡൽഹിയിലെത്തിയ നവംബർ 24-നാണ് രണ്ടാം സർക്കുലർ പുറപ്പെടുവിച്ചത്. മല്യ എത്തുന്നുണ്ടെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ഇമിഗ്രേഷൻ അധികൃതർ ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഈ ഘട്ടത്തിൽ അറസ്റ്റ് ആവശ്യമില്ലെന്ന് സി.ബി.ഐ. മുംബൈ എസ്.പി. ഹർഷിത അട്ടല്ലൂരി അറിയിച്ചത്. അറസ്റ്റ് ചെയ്യേണ്ടിവന്നാൽ അറിയിക്കാമെന്നും അവർ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനും സി.ബി.ഐ. ജോയന്റ് ഡയറക്ടറുമായ എ.കെ. ശർമയാണ് മല്യയുടെ പേരിലുള്ള ലുക്കൗട്ട് നോട്ടീസ് ദുർബലപ്പെടുത്തി അദ്ദേഹത്തെ നാടുവിടാൻ സഹായിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2xwPZ4e
via
IFTTT
No comments:
Post a Comment