20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ്. തീരുവയേർപ്പെടുത്തിയതോടെ രണ്ടാംഘട്ടത്തിലെത്തിയ യു.എസ്.-ചൈന വ്യാപാരയുദ്ധം ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെ ബാധിക്കും. വ്യാപാരയുദ്ധം കടുത്തത് ഏഷ്യൻ വിപണികളെ തളർത്തുന്നതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരിവിപണിയിലുമുണ്ടാകും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നതും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കും. ചൈനാ ചെമ്പ്, സിങ്ക്, തകരം തുടങ്ങിയ വില കുറഞ്ഞ ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവെന്ന നിലയ്ക്ക് അവയുടെ വിലയിൽ വ്യാപാരയുദ്ധം നേരിട്ട് പ്രതിഫലിക്കും. സ്വർണവിലയും വർധിക്കുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. യു.എസും ചൈനയും പ്രധാന എണ്ണയുത്പാദക രാജ്യങ്ങളായ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള കലഹം ആഗോളതലത്തിൽ എണ്ണവില കുറയുന്നതിന് കാരണമാകും. ഇത് ഇന്ത്യയ്ക്ക് ഗുണംചെയ്യും. ചൈനയോളം വലിയ വിപണി കണ്ടെത്താൻ യു.എസിന് ഉടനെയെങ്ങും സാധ്യമാകാത്ത സാഹചര്യത്തിൽ യു.എസ്. ഇന്ത്യയ്ക്ക് കാര്യമായ പരിഗണന നൽകുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് യു.എസ്.-ചൈന വ്യാപാരയുദ്ധം ഒരുപോലെ ഭീഷണിയും അവസരവുമാണെന്ന് ലോകവ്യാപാരസംഘടനയിലെ ഇന്ത്യയുടെ മുൻ അംബാസഡർ ജയന്ത് ദാസ്ഗുപ്ത പറയുന്നു. ഭാവിയിൽ ചൈനയിൽനിന്ന് യു.എസ്. പ്രതീക്ഷിക്കുന്ന ഇളവ് ലഭിച്ചാൽ ഇപ്പോൾ ചൈനയോട് സ്വീകരിക്കുന്ന അതേ സമീപനം ട്രംപ് ഇന്ത്യയ്ക്കുനേരെ സ്വീകരിക്കും. ബൗദ്ധികസ്വത്തുക്കളുടെ വ്യാപാരം, വിവരക്കൈമാറ്റം എന്നിവയിൽ ഇളവ് നൽകുക, ഇന്ത്യൻ പേറ്റൻറ് നിയമത്തിലെ 3(ഡി) വകുപ്പ് അസാധുവാക്കുക, ബാങ്കിങ്, ഇൻഷുറൻസ് മേഖലയിൽ കൂടുതൽ പങ്കാളിത്തം തുടങ്ങിയ ആവശ്യങ്ങൾ യു.എസ്. മുന്നോട്ടുവെച്ചേക്കും. മൂല്യമിടിഞ്ഞ് രൂപയും ഓഹരിസൂചികയും ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ചൊവ്വാഴ്ച 47 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ഒരു ഡോളറിന് 72.98 എന്ന റെക്കോഡ് താഴ്ചയിലാണ് രൂപയുടെ ചൊവ്വാഴ്ചത്തെ മൂല്യം. വ്യാപാരയുദ്ധം കടുത്ത പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ രൂപയ്ക്ക് വലിയ തിരിച്ചടിയുണ്ടായേക്കും. തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കായ 72.51 ൽ നിന്ന് .63 ശതമാനത്തിന്റെ കുറവാണ് ചൊവ്വാഴ്ചയുണ്ടായത്. മുംബൈ ഓഹരിവിപണി സൂചിക സെൻസെക്സ് ചൊവ്വാഴ്ച 295 പോയന്റ് ഇടിഞ്ഞ് 37,290.67-ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരുമാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2QIewMC
via
IFTTT
No comments:
Post a Comment