തിരുവനന്തപുരം: സാലറി ചലഞ്ചിന് വിസമ്മതപത്രം നൽകാൻ രണ്ടുദിവസംമാത്രം ശേഷിക്കെ സർക്കാർ ജീവനക്കാരും അധ്യാപകരും ആശയക്കുഴപ്പത്തിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാൻ താത്പര്യമില്ലാത്തവർ 22-നുമുമ്പ് വിസമ്മതപത്രം നൽകണം. വ്യാഴം, വെള്ളി ദിവസങ്ങൾ അവധിയായതിനാൽ രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. വിസമ്മതപത്രം നൽകിയില്ലെങ്കിൽ ശമ്പളം പിടിക്കുമെന്ന നിലപാടിലാണ് സർക്കാർ. നിർബന്ധിത പിരിവെന്ന് കുറ്റപ്പെടുത്തി ഓഫീസുകളിൽ വിവിധ സംഘടനകളിലെ ജീവനക്കാർ തമ്മിലുള്ള തർക്കങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്ന സ്ഥിതിയുണ്ട്. അവധി ആനുകൂല്യം ഉൾപ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറിചലഞ്ചിൽ നല്ലൊരു ഭാഗം ജീവനക്കാർ പങ്കാളികളാകുന്നുമുണ്ട്. ശമ്പളവും ഉത്സവബത്തയും ദുരിതാശ്വാസനിധിയിലേക്ക് ഈടാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ പരാമർശങ്ങളിൽ സാലറിചലഞ്ചിനെ എതിർക്കുന്നവർക്ക് പ്രതീക്ഷയുണ്ട്. നിർബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്നാണ് കോടതി പറഞ്ഞത്. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ബോർഡുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽപ്പോലും സാലറിചലഞ്ചിന് ബാധകമാവുന്ന തരത്തിലുള്ള നിർദേശങ്ങൾ വന്നാൽ അത് സർക്കാരിന് പരിഗണിക്കേണ്ടിവരും. നിലപാട് മാറ്റാതെ ധനവകുപ്പ് സർവീസ് സംഘടനകളുടെ എതിർപ്പും നിർദേശവും പരിഗണിച്ച് ശമ്പളം ഈടാക്കുന്നതിലെ വ്യവസ്ഥകളിൽ ഭേദഗതി ഉണ്ടാകുമെന്നായിരുന്നു ഒരുവിഭാഗം ജീവനക്കാരുടെ പ്രതീക്ഷ. മറ്റു സാഹചര്യങ്ങളൊന്നും ഉണ്ടാകാത്തതിനാൽ നിലപാടു മാറ്റേണ്ടതില്ലെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്. 70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചിൽ ഭാഗമാകുമെന്നാണ് സർക്കാർ പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനങ്ങളെ ശമ്പളം ഈടാക്കുന്ന ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത്തരം സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് സാലറി ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. വിസമ്മതപത്രം നൽകിയവരിൽ ഭരണപക്ഷ അനുകൂല ജീവനക്കാരും ഇതുവരെ വിസമ്മതപത്രം നൽകിയവരിൽ ഭരണപക്ഷ അനുകൂല അധ്യാപക, സർക്കാർ ജീവനക്കാരുമുണ്ട്. ഭരണപക്ഷ അനുകൂലവിഭാഗങ്ങളുടെ സമ്മർദം, സ്ഥലംമാറ്റഭീഷണി തുടങ്ങിയവയുണ്ടെന്നാണ് എതിർപ്പുള്ള ജീവനക്കാർ പറയുന്നത്. അതിനിടെ, ചൊവ്വാഴ്ച സെറ്റോ സംഘടന ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. വിസമ്മതപത്രത്തിനുപകരം സമ്മതപത്രം വാങ്ങുക, ജീവനക്കാരെ പല തട്ടിലാക്കുന്നത് തടയുക, അഞ്ചരലക്ഷം ജീവനക്കാരെയും സർക്കാർയജ്ഞത്തിൽ പങ്കാളികളാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെൻഷൻകാരുടെ കാര്യത്തിൽ സംശയം പെൻഷൻകാരെയും സാലറിചലഞ്ചിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. ഇതിന് സംഘടനകളുടെ യോഗം വിളിക്കുന്നുണ്ട്. എന്നാൽ, ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെൻഷനെന്നും അത് നൽകാതിരിക്കുന്നത് മൗലികാവകാശം നിഷേധിക്കലാണെന്നും സുപ്രീംകോടതിയുടെ വിധിയുണ്ട്. അതിനാൽത്തന്നെ പെൻഷൻകാരുടെ കാര്യത്തിൽ വിസമ്മതപത്രം പറ്റില്ല. പകരം അവരുടെ സമ്മതപത്രം വാങ്ങി നൽകുന്ന തുക സ്വീകരിക്കാനേ മാർഗമുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2xvV90j
via
IFTTT
No comments:
Post a Comment