കോട്ടയം: ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തിൽ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തൽ. കോളിക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തൽ. 2011 ൽ കർഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബർ തോട്ടത്തിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. വൈദികൻ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തന്റെ മുൻ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികൻ മഠത്തിൽ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തർക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാൻഡിലായിരുന്നു. കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്. എന്നാൽ, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പിൽ പ്രതികരിച്ചു. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കൊലക്കേസായിരുന്നു തൊമ്മിവധക്കേസ്. ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനൊപ്പം എത്തിയത് കൊലക്കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുള്ളത്. കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഇടപെടലുകൾനടത്തിയെന്ന ആരോപണം ഫാ. നിക്കോളാസ് മണിപ്പറമ്പിൽ നേരിടുന്നുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ വീട് ഉൾപ്പെട്ട പ്രദേശത്തെ ഇടവകാംഗം കൂടിയാണ് അദ്ദേഹം. ആദ്യ ഘട്ടത്തിൽ ഫാ. നിക്കോളാസ് കന്യാസ്ത്രീകൾക്ക് ഒപ്പം നിൽക്കുകയും പിന്നീട് ബിഷപ്പിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Oqlk2S
via
IFTTT
No comments:
Post a Comment