ബെംഗളൂരു: കർണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ വാർഡുകളിൽ വിജയിച്ചപ്പോൾ കോർപ്പറേഷനുകളിൽ ബി.ജെ.പി ഒന്നാമതെത്തി. തിരഞ്ഞെടുപ്പ് നടന്ന മൂന്നു കോർപ്പറേഷനുകളിൽ ശിവമോഗയിൽ ബി.ജെ.പി വൻ ഭൂരിപക്ഷം നേടി. മൈസൂരു, തുമക്കൂരു കോർപ്പറേഷനുകളിൽ വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനതാദൾ എസ്സുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് ഭരണം പിടിക്കുമെന്ന് പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചു. കോർപ്പറേഷനുകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഫലം പ്രഖ്യാപിച്ച 2662 വാർഡുകളിൽ കോൺഗ്രസ് 982 എണ്ണത്തിലും ബി.ജെ.പി 927 എണ്ണത്തിലും വിജയിച്ചു. ജനതാദൾ എസിന് 375 വാർഡുകൾ ലഭിച്ചു. 329 വാർഡുകൾ സ്വതന്ത്രരും 13 എണ്ണം ബി.എസ്.പിയും നേടി. തിരഞ്ഞെടുപ്പ് ഫലം സഖ്യസർക്കാരിനുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. കോൺഗ്രസുമായി സഖ്യത്തിലെത്തുന്നതിലൂടെ 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പിടിക്കാൻ കഴിയുമെന്ന്ാണ് പ്രതീക്ഷിക്കുന്നതെന്ന് ജനതാദൾ എസ് നേതാവ് എച്ച്.ഡി ദേവഗൗഡ പറഞ്ഞു. ശിവമോഗ കോർപ്പറേഷനിൽ 35 വാർഡുകളിൽ ബി.ജെ.പി 20 എണ്ണത്തിലും കോൺഗ്രസ് ഏഴെണ്ണത്തിലും ജനതാദൾ എസ് രണ്ടെണ്ണത്തിലും വിജയിച്ചു. മറ്റുള്ളവർ ആറ് എണ്ണവും നേടി. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയുടെ തട്ടകവുമായ തുമക്കൂരു കോർപ്പറേഷനിലെ 35 വാർഡുകളിൽ ബി.ജെ.പി 12 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസും ജനതാദൾ എസും 10 എണ്ണം വീതം നേടി. മൈസൂരു കോർപ്പറേഷനിൽ ജനതാദൾ എസിനാണ് തിരിച്ചടിയേറ്റത്. ഭരണത്തിലിരുന്ന അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടുത്തെ 65 വാർഡുകളിൽ ബി.ജെ.പി 22 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിന് 19 വാർഡ്. ജനതാദൾ എസ് 18 എണ്ണത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന 53 ടൗൺ മുനിസിപ്പാലിറ്റികളിൽ 21 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. 12 എണ്ണത്തിൽ ബി.ജെ.പിയും ഏഴെണ്ണത്തിൽ ജനതാദൾ എസ്സും വിജയം നേടി. 15 എണ്ണത്തിൽ ആർക്കും ഭൂരിപപക്ഷമില്ല. 20 ടൗൺ പഞ്ചായത്തുകളിൽ ഏഴെണ്ണം വീതം കോൺഗ്രസും ബി.ജെ.പിയും നേടി. ഒന്ന് ജനതാദൾ എസ്സിന് ലഭിച്ചു. അഞ്ചെണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. 29 സിറ്റി മുൻസിപ്പാലിറ്റികളിൽ ബി.ജെ.പി എട്ടെണ്ണത്തിലും കോൺഗ്രസ് നാലെണ്ണത്തിലും വിജയിച്ചു. ജനതാദളിന് മൂന്നെണ്ണത്തിൽ ഭരണം കിട്ടി. 13 എണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ഭൂരിപക്ഷമില്ലാത്തിടത്ത് ജനതാദളുമായി ചേർന്ന് ഭരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടറാവുവും സഖ്യത്തിന് തയ്യാറാണെന്ന് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Px4Pza
via
IFTTT
No comments:
Post a Comment