കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനും മൂന്നുദിവസങ്ങളിലായി 24 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അറസ്റ്റ്. പീഡനക്കേസിൽ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പാണ് ഫ്രാങ്കോ. അനിശ്ചിതത്വത്തിനും നാടകീയ നിമിഷങ്ങൾക്കുമൊടുവിലായിരുന്നു അറസ്റ്റ്. ഉച്ചമുതൽതന്നെ അറസ്റ്റ് ചെയ്തതായ വാർത്തകൾ പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായില്ല. ഒടുവിൽ രാത്രി ഒമ്പതുമണിയോടെ കോട്ടയം എസ്.പി. എസ്. ഹരിശങ്കറാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഏറെ താമസിയാതെ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം പോലീസ് ക്ലബ്ബിലെത്തിച്ചു. ശനിയാഴ്ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൂന്നുദിവസം കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകുമെന്നും എസ്.പി. പറഞ്ഞു. ചോദ്യംചെയ്യലിൽ പരാതി സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നും ഇതേത്തുടർന്നാണ് അറസ്റ്റെന്നും എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. ബിഷപ്പ് കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലായതിനാൽ അതേക്കുറിച്ച് പറയാനാകില്ലെന്ന് എസ്.പി. മറുപടി നൽകി. എന്തെല്ലാം തെളിവുകളാണ് ലഭിച്ചതെന്നതിനെക്കുറിച്ച് വെളിപ്പെടുത്താനും അദ്ദേഹം വിസമ്മതിച്ചു. ബലാത്സംഗം ഉൾപ്പെടെ നാലു കുറ്റങ്ങളാണ് ബിഷപ്പിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നൽകി 87-ാം ദിവസമായിരുന്നു അറസ്റ്റ്. 24 മണിക്കൂർ ചോദ്യംചെയ്യൽ 81 സാക്ഷിമൊഴികളും 34 രേഖകളും ഉപയോഗപ്പെടുത്തിയായിരുന്നു ചോദ്യംചെയ്യൽ. മൂന്ന് ദിവസമായി 24 മണിക്കൂറാണ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പറയുന്നതിൽ കഴമ്പുണ്ടെന്ന് പോലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്ന തെളിവുകൾ അന്വേഷണത്തിൽ കിട്ടുകയും ചെയ്തു. ഇതോടെയാണ് ഫ്രാങ്കോയുടെ പ്രതിരോധങ്ങൾ ഒന്നൊന്നായി തകർന്നുവീണത്. കന്യാസ്ത്രീകൾ തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ഫ്രാങ്കോയുടെ വാദങ്ങൾ. ഇതു ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതും. എന്നാൽ വ്യാഴാഴ്ചത്തെ ചോദ്യംചെയ്യലിൽ ഇത് പോലീസ് മറികടന്നു. പുറത്തേക്കുകൊണ്ടുപോയത് വസ്ത്രങ്ങൾ മാറ്റി അറസ്റ്റിനുശേഷം രാത്രി ഒമ്പതുമണിയോടെ തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിൽനിന്ന് പുരോഹിതവസ്ത്രങ്ങൾ നീക്കിയാണ് ഫ്രാങ്കോയെ പുറത്തേക്കു കൊണ്ടുപോയത്. ജുബ്ബയും പാൻറ്സുമായിരുന്നു വേഷം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കൊണ്ടുപോകുമ്പോൾ കൂടിനിന്ന ആളുകൾ കൂക്കിവിളിച്ചു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാൻ വൈകീട്ട് അഞ്ചുമണിയോടെ ഒരുക്കങ്ങൾ നടത്തിയിരുന്നു. ആശുപത്രി പരിസരത്ത് സുരക്ഷാസംവിധാനങ്ങളും ഒരുക്കി. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെ ആറുമണിയോടെ വ്യക്തമാക്കിയിരുന്നു. ചുമത്തിയ വകുപ്പുകളും ശിക്ഷയും ഐ.പി.സി. 376 (2 കെ, 2 എൻ) -ബലാത്സംഗം: ഏഴുമുതൽ പത്തുവർഷംവരെ തടവ്, 2 കെ, 2 എൻ എന്നിവ നിർഭയ കേസിന് ശേഷമുള്ള ഭേദഗതികളാണ്. ഇതിന് അഞ്ചുവർഷംവരെ തടവു ലഭിക്കാം. 377-പ്രകൃതിവിരുദ്ധപീഡനം: 10 വർഷംമുതൽ ജീവപര്യന്തംവരെ തടവ്. 342 -തടഞ്ഞുവെച്ച് ലൈംഗികപീഡനം: ഒരുവർഷം തടവ്. 506-ഭീഷണി: രണ്ടുവർഷം തടവ്. പ്രഥമവിവര റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന അതേ വകുപ്പുകൾ തന്നെയാണ് റിമാൻഡ് റിപ്പോർട്ടിലുമുള്ളത്. വത്തിക്കാന്റെ നടപടിയുണ്ടായേക്കും ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വത്തിക്കാൻ പുറത്താക്കിയേക്കും. ബിഷപ്പിന്റെ അധികാരങ്ങൾ തിരിച്ചെടുത്ത് അതിരൂപതാ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നു. ബിഷപ്പ് ജയിലിൽ പോകുന്നതോടെ ഇയാളെ പുറത്താക്കാനാണ് സാധ്യത. കൃത്യമായ തെളിവുലഭിച്ചു രണ്ടുമാസമായി അന്വേഷണം നടന്നുവരുകയാണ്. ഇതിൽ ഒട്ടേറെ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മൂന്നുദിവസം ചോദ്യംചെയ്തത്. രണ്ടാംദിവസത്തെ ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചു. -എസ്. ഹരിശങ്കർ,കോട്ടയം എസ്.പി.
from mathrubhumi.latestnews.rssfeed https://ift.tt/2MQ6H41
via
IFTTT
No comments:
Post a Comment