തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്കും എ.ഡി.ബി.യും ചേർന്ന് കേരളത്തിന് ഏഴായിരം കോടി രൂപ വായ്പ നൽകിയേക്കും. പ്രളയനഷ്ടത്തെക്കുറിച്ച് ലോകബാങ്ക്-എ.ഡി.ബി. സംഘം ശനിയാഴ്ച റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ ചർച്ചകൾ.ഏഴായിരം കോടി രൂപയാണ് സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. ലോകബാങ്കും എ.ഡി.ബി.യും 3500 കോടിരൂപ വീതം നൽകുമെന്നാണ് സർക്കാരിന് ലഭിച്ച സൂചന.ദീർഘകാലത്തേക്ക് കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്ന ഈ പണംകൊണ്ട് പ്രളയത്തിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ മികച്ച നിലവാരത്തിൽ പുതുക്കിപ്പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കാവും ഇത് ഉപയോഗിക്കുക. പ്രത്യേക പദ്ധതികളുടെ അടിസ്ഥാനത്തിലാവും വായ്പ നിശ്ചയിക്കുക. അതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ പണം ഉപയോഗിക്കാനാവില്ല.സംസ്ഥാനത്തിന്റെ ആവശ്യം സംബന്ധിച്ച വിലയിരുത്തലാണ് ശനിയാഴ്ച ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും അധികൃതർ നടത്തുക. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ എത്രയും പെട്ടെന്ന് വായ്പ സ്വീകരിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും 28 ഉദ്യോഗസ്ഥർ കഴിഞ്ഞ 10 ദിവസം പ്രളയബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലാണ് പരിശോധന നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2xvsbhX
via
IFTTT
No comments:
Post a Comment