ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആധ്യാത്മിക ഗുരുവെന്നവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ നൃത്താധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഥക് നൃത്തപരിശീലകനായ പുൾകിത് മിശ്ര എന്ന മുപ്പത്തിമൂന്നുകാരനെയാണ് പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രിയുടെ ആധ്യാത്മിക ഗുരുവെന്നു മാത്രമല്ല കേന്ദ്ര സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിൽ കഥക് നൃത്തവിദ്യാലയം നടത്തിവരികയാണ് പുൾകിത്. പുൾകിത് മഹാരാജ് സ്വയം വിശേഷിപ്പിച്ചിരുന്നത്. പുൾകിത് ഉത്തർപ്രദേശിലെ സീതാപുരിൽ ഏപ്രിലിൽ സന്ദർശനത്തിനെത്തിയിരുന്നു. ഇയാളുടെ സഹോദരിയുംമൂന്നു അനുയായികളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ ഇവർ എത്തുന്നതിനു മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ആവശ്യപ്പെട്ട് ഇയാൾ ജില്ലാ മജിസ്ട്രേറ്റിനയച്ച ഫാക്സ് സന്ദേശമാണ് ഇയാളെ കുടുക്കിയത്. സാംസ്കാരിക മന്ത്രാലയത്തിലെ സെക്രട്ടറി എന്നാണ് ഫാക്സ് സന്ദേശത്തിലുണ്ടായിരുന്നത്. തനിക്കാവശ്യമായ താമസസൗകര്യം ഒരുക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഫാക്സ് സന്ദേശത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസ് വലയിലായത്. സീതാപുരിൽ ഒരു ദിവസം മാത്രമാണ് ഇയാൾ തങ്ങിയത്. ഇയാളുടെ നീക്കങ്ങൾ പിന്തുടർന്ന പോലീസ് ഓഗസ്റ്റിൽ എഫ്ഐആർ തയ്യാറാക്കി. വ്യാഴാഴ്ച ഷാലിമാർ ഗാർഡനിലെ ഇയാളുടെ നൃത്തവിദ്യാലയം കണ്ടെത്തിയ പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു ജില്ലകളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ സന്തതസഹചാരികളായ സഹോദരിയേയും കൂട്ടാളികളേയും അറസ്റ്റു ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2xMdSFE
via
IFTTT
No comments:
Post a Comment