ലോക്സഭാ തിരഞ്ഞെടുപ്പിനായി സംഘടനാ സംവിധാനത്തെ ശക്തമാക്കാൻ കോൺഗ്രസ് നടപടി ആരംഭിച്ചു. വ്യാഴാഴ്ച ചേർന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനഘടകങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഇതിനുള്ള പ്രവർത്തനരേഖ തയ്യാറാക്കിയത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡൽഹിയുടെ ചുമതലയുള്ള നേതാവ് പി.സി. ചാക്കോ എന്നിവരും പങ്കെടുത്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കേന്ദ്ര സർക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭവും പ്രചാരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമാണ് തിങ്കളാഴ്ചത്തെ ഭാരതബന്ദ്. ഇന്ധന വിലവർധന, വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം എന്നിവ ചൂണ്ടിക്കാട്ടി വീടുവീടാന്തരം പ്രചാരണം നടത്തും. 25-നകം കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും പ്രവർത്തനസജ്ജമല്ലാത്ത ബ്ലോക്ക് സമിതികൾ പുനഃസംഘടിപ്പിക്കാൻ യോഗത്തിൽ ധാരണയായി. തുടർന്ന് ബൂത്ത് സമിതികൾ കാര്യക്ഷമമാക്കണം. ഫണ്ട് ശേഖരണം ഊർജിതപ്പെടുത്തും. ഇതിനായി അഹമ്മദ് പട്ടേൽ, മിലിന്ദ് ദേവ്റ, ആനന്ദ് ശർമ, സാംപിട്രോഡ, കെ. മുരളീധരൻ തുടങ്ങിയവരുൾപ്പെട്ട ഒരു സമിതിക്കു രൂപം നൽകി. സമിതിയുടെ യോഗം വ്യാഴാഴ്ച ചേർന്നിരുന്നു. ഒക്ടോബർ രണ്ടു മുതൽ നവംബർ 19 വരെ ബൂത്ത് തലത്തിൽ ഫണ്ട് ശേഖരണവും പ്രചാരണവും നടത്തും. തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രവർത്തനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് പി.സി.സി. അധ്യക്ഷൻമാരുടെയും ട്രഷറർമാരുടേയും യോഗവും ചേർന്നു. കേരളത്തിൽനിന്ന് കെ.പി.സി.സി. ട്രഷറർ ജോൺസൺ എബ്രഹാം പങ്കെടുത്തു. എ.കെ. ആന്റണി, അശോക് ഗെഹ്ലോത് അടക്കമുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച എല്ലാ പോഷക സംഘടനകളുടെയും ഭാരവാഹികളുടെ യോഗം എ.ഐ.സി.സി. വിളിച്ചുചേർത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2oOblGo
via
IFTTT
No comments:
Post a Comment