യാങ്കോൺ: റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് മ്യാൻമാറിൽ പ്രതിഷേധം ശക്തമാകുന്നു. ‘അറസ്റ്റ് മീ ടൂ’ എന്ന ഹാഷ്‌ടാഗിന് കീഴിലാരംഭിച്ച ഓൺലൈൻ പ്രതിഷേധ കാമ്പയിൻ ഇതിനകം വലിയ പ്രചാരം നേടി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകരായ വാ ലോൺ, ക്യാവ് സോ ഊ എന്നിവർക്കാണ് യാങ്കോൺ ജില്ലാക്കോടതി തിങ്കളാഴ്ച ഏഴുവർഷം തടവുശിക്ഷ വിധിച്ചത്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. ‘അന്വേഷണത്തിനുവേണ്ട വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവർത്തകരെ ശിക്ഷിച്ചതെങ്കിൽ എന്നെയും അറസ്റ്റുചെയ്യൂ’ എന്ന സന്ദേശത്തിനൊപ്പമാണ് മാധ്യമപ്രവർത്തകർ അറസ്റ്റ് മീ ടൂ കാമ്പയിനിന്റെ ഭാഗമാകുന്നത്. മ്യാൻമാറിലെ 83 പ്രാദേശിക മാധ്യമപ്രവർത്തക കൂട്ടായ്മകളും സ്ത്രീസംരക്ഷണ-യുവജന സംഘടനകളും സംയുക്തമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. മ്യാൻമാറിൽ പലയിടങ്ങളിലും പ്രതിഷേധറാലി നടന്നു.മാധ്യമപ്രവർത്തകർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മ്യാൻമാറിലെ പ്രമുഖ പത്രമായ ‘7 ഡെയ്‍ലി’ തങ്ങളുടെ ഒന്നാംപേജ് കറുത്ത പശ്ചാത്തലത്തിൽ ഒഴിച്ചിട്ടു. പത്രത്തെ തുളച്ചുകയറുന്ന കത്തിയുടെ ചിത്രത്തിനൊപ്പം ‘അടുത്തതാര്’ എന്ന ചോദ്യവും 7 ഡെയ്‌ലി ഒന്നാംപേജിൽ ഉന്നയിച്ചു.2017 സെപ്റ്റംബറിൽ റാഖിൻ സംസ്ഥാനത്ത് പത്ത് റോഹിംഗ്യകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് വാ ലോണും ക്യാവ് സോ ഊയും അറസ്റ്റിലായത്.
from mathrubhumi.latestnews.rssfeed https://ift.tt/2wXaiYr
via
IFTTT
No comments:
Post a Comment