കേന്ദ്ര സഹായത്തിന് പരിമിതികളുണ്ട്; വിഭവസമാഹരണം നാംതന്നെ നടത്തേണ്ടിവരും - മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

കേന്ദ്ര സഹായത്തിന് പരിമിതികളുണ്ട്; വിഭവസമാഹരണം നാംതന്നെ നടത്തേണ്ടിവരും - മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായത്തിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ആവശ്യമുള്ള തുക മുഴുവൻ അനുവദിക്കാൻ കേന്ദ്രസർക്കാരിന് സാധ്യമല്ല. നാം ആവശ്യപ്പെട്ടത് ദുരന്തത്തിന്റെ നഷ്ടപരിഹാരവുമല്ല, സ്പെഷ്യൽ പാക്കേജാണ്. എങ്കിലും അതിന് പരിമിതിയുണ്ട്. വിഭവസമാഹരണം നാം തന്നെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതികളിൽ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. നഴ്സറിക്ലാസുകളിലെ കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുള്ളവർ അവരുടെ കഴിവിനപ്പുറമുള്ള സഹായങ്ങൾ ചെയ്യുകയാണ്. ലോകത്തുള്ള പല രാജ്യങ്ങളും മലയാളികളെ കണ്ടു പരിചയിച്ചവരും നമ്മുടെ നാടിനെ സ്നേഹിക്കുന്നവരുമാണ്. അവരും നമ്മെ സഹായിക്കും. ആപത്ഘട്ടത്തിൽ സഹായിക്കുന്നവരോട് സഹായം ആവശ്യമില്ല എന്ന നിലപാട് ആരും സ്വീകരിക്കില്ല. വിഭവസമാഹരണത്തിൽ എല്ലാവരുടെയും പിന്തുണ പ്രയോജനപ്പെടുത്തണം. ജനങ്ങളിലാണ് വിശ്വാസം അർപ്പിക്കേണ്ടത്. ജനങ്ങൾ നമ്മിലും വിശ്വാസം അർപ്പിക്കും. പ്രളയത്തിനുമുമ്പുള്ള നാട് വീണ്ടും നിർമിക്കുകയല്ല, കൂടുതൽ ഉയർന്ന തലത്തിലേക്ക് നാടിനെ പുനർനിർമിക്കുകയാണ് വേണ്ടത്. അതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാടിനെ ലോകനിലവാരത്തിൽ ഉയർത്തിയെടുക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെയടക്കം സഹായം തേടി മുന്നോട്ടുപോകും. പുനർനിർമാണത്തിൽ പാർട്ണർ കൺസൾട്ടന്റായി കെ പി എം ജിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ലഭിക്കുന്ന സഹായമാണ്. ഇത്തരത്തിൽ സഹായം നൽകാൻ സന്നദ്ധരായ വിവിധ ഏജൻസികളുണ്ടാവാം. അവരുടെ സഹകരണവും ഉറപ്പാക്കണം. അവരുടെയെല്ലാം സഹായത്തോടെ മികവുറ്റത് കണ്ടെത്തണം. ഖജനാവിന്റെ അവസ്ഥ എല്ലാവർക്കുമറിയാം. നാടിന് വലിയ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. നാടിന് പൊതുവിൽ സാമ്പത്തിക ദൗർബല്യമുണ്ടെങ്കിലും പുറത്ത് സാമ്പത്തികമികവുള്ളവരുണ്ട്. ഒത്തുപിടിച്ചാൽ അവരിൽനിന്ന് വലിയ സഹായങ്ങൾ നമുക്ക് ലഭിക്കും. ദുരന്തം വിലയിരുത്താൻ എത്തിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചത് ഏറെ സഹാനുഭൂതിയോടെയാണ്. കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തകർന്നുപോയ ഗ്രാമങ്ങളെ ദത്തെടുക്കാൻ തയ്യാറായ ധാരാളം പ്രസ്ഥാനങ്ങളുണ്ട്. ഇവരുടെയെല്ലാം വാഗ്ദാനങ്ങൾ ക്രോഡീകരിച്ചാൽ നമ്മുടെ ഗ്രാമങ്ങളെയും സ്കൂളുകളെയും തകർന്നുപോയ മറ്റു സംവിധാനങ്ങളെയും മികവുറ്റ രീതിയിൽ പുനർനിർമ്മിക്കാം. ഇതിനായി തകർന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ഗ്രാമം തിരിച്ച് എടുക്കണം. ഏതു വില്ലേജിലാണ് ഇതെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയണം. കൃത്യമായ വിവരശേഖരണത്തിന് കാലതാമസം ഉണ്ടാകരുത്. ചെറുതും വലുതുമായ എല്ലാ സഹായങ്ങളെയും ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ എളുപ്പം പുനർനിർമ്മിക്കാനാകും. കൃത്യമായ ആസൂത്രണത്തിലൂടെ നമുക്ക് ഇതിന് കഴിയണം. സമയബന്ധിതമായി ഓരോ കാര്യവും തീർക്കണം. തകർന്നവയുടെ കണക്കുകൾ കൃത്യമായിരിക്കണം. ദുരന്തത്തിന്റെ ഘട്ടത്തിൽ ഒരു നിമിഷം പോലും ആരും പാഴാക്കിയിട്ടില്ല. ആ ഘട്ടത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിവിധ വകുപ്പുകകളുടെ ഉന്നതാധികാരികളുമായി അവലോകന യോഗങ്ങൾ നടന്നു. അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥർ പങ്കുവച്ച പല നിർദ്ദേശങ്ങളും ദുരന്തം നേരിടാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു. ഈ കൂട്ടായ്മയും കൃത്യമായ ആസൂത്രണവുമാണ് ആഘാതത്തിന്റെ തീവ്രത കുറച്ചത്. സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂം വാർ റൂം പോലെ 24 മണിക്കൂറും പ്രവർത്തിച്ചു. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടവരും നല്ലനിലയിൽ പ്രവർത്തിച്ചു. കേന്ദ്രസേനകൾ വന്നപ്പോഴുള്ള ഏകോപനവും മികച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുകളുമൊക്കെ ദുരന്തസ്ഥലങ്ങളിൽ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം. നാടിനോട് പ്രതിബദ്ധതയോടെ തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2oqxXMW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages