തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങൾ തെലുഗു നടൻ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി രൂപവത്കരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ പ്രഭാസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നടൻമാർ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയർ കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1500 വീടുകൾ നിർമിച്ചുനൽകാനായി 75 കോടി രൂപ സംഘങ്ങളിൽ നിന്ന് സമാഹരിക്കാനാണ് സഹകരണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പ്രളയബാധിതരെ സഹായിക്കാനായി ഒരുമാസത്തെ പെൻഷൻതുക മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജി. സുധാകരൻ, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, സി. രവീന്ദ്രനാഥ്, എ.കെ.ശശീന്ദ്രൻ എന്നിവരുടെ ഭാര്യമാരാണ് പെൻഷൻതുക നൽകിയത്. ഇതു കൂടാതെ, തടവുകാർ സ്വരൂപിച്ച 15 ലക്ഷം രൂപ ജയിൽ ഡിജിപി ആർ. ശ്രീലേഖ മുഖ്യമന്ത്രിക്കു കൈമാറി.
from mathrubhumi.latestnews.rssfeed https://ift.tt/2NDhGix
via
IFTTT
No comments:
Post a Comment