തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയോടെ നടൻ മോഹൻലാൽ തങ്ങൾക്കൊപ്പം വരുമോയെന്നത് ബി.ജെ.പി.യിലും ചർച്ചയാകുന്നു. ലാൽ വന്നാൽ ഉറപ്പായും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് പാർട്ടി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചപ്പോൾ തത്കാലം ഒരു രാഷ്ട്രീയപാർട്ടിയിലേക്കും ഇല്ലെന്നാണ് മോഹൻലാൽ അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചത്. അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദിവസംമുമ്പ് മോദിയെ ലാൽ കണ്ടത്. സന്തോഷകരമായ കൂടിക്കാഴ്ചയെന്നാണ് ഇതേപ്പറ്റി ലാൽ പറഞ്ഞത്. ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ലാലിനെ സ്ഥാനാർഥിയാക്കുമെന്നായി സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണം. ഇത് പാർട്ടിയിലേക്കും അണികളിലേക്കും പടർന്നുകയറി. ചർച്ചയും പ്രചാരണവും കടുത്തപ്പോൾ 'ഞാൻ എന്റെ ജോലി ചെയ്തോട്ടെ. സ്ഥാനാർഥിയാകുന്ന കാര്യം അറിഞ്ഞില്ല, അതിനാലൊന്നും പറയാനില്ലെന്ന' തമാശകലർന്ന മറുപടിയിൽ ലാൽ പ്രതികരണം ഒതുക്കി. മോഹൻലാലിനെ പോലുള്ള ഒരാൾ ഒപ്പംകൂടുന്നത് ഗുണകരമാകുമെന്ന അഭിപ്രായം ബി.ജെ.പി. നേതാക്കളിൽ ചിലർക്കുണ്ട്. പ്രത്യേകിച്ചും പാർട്ടിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്ത്, കരുത്തനായ സ്ഥാനാർഥിയെ ബി.ജെ.പി. കാത്തിരിക്കുമ്പോൾ. നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച് ലാലെഴുതിയ ബ്ലോഗും ബി.ജെ.പിയുമായി ബന്ധപ്പെടുത്തി വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇപ്പോൾ മോദി-ലാൽ കൂടിക്കാഴ്ചയോടെ അത് വീണ്ടും ശക്തമായി. ലാലിന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർക്കുള്ള പാർട്ടി അനുഭാവവും കൂടിചേർത്താണ് ബി.ജെ.പി.യിലേക്കെന്ന പ്രചാരണത്തിന് വീര്യം കൂടുന്നത്. എന്നാൽ, അദ്ദേഹം വിഡ്ഢിത്തം കാട്ടില്ലെന്നായിരുന്നു ബി.ജെ.പി. ബന്ധത്തെപ്പറ്റി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പെട്ടെന്നൊരു ദിവസം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്ന മനസ്സല്ല ലാലിന്റേതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നു. എങ്കിലും നടൻ സുരേഷ് ഗോപിയുടെ വഴി ലാലും തിരഞ്ഞെടുക്കുമോയെന്ന ആരാധകരുടെയും പാർട്ടികളുടെയും ചോദ്യത്തിന് ഇപ്പോഴും ഉത്തരം പൂർണമല്ല.
from mathrubhumi.latestnews.rssfeed https://ift.tt/2wMo28b
via
IFTTT
No comments:
Post a Comment