വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ വധിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുള്ള പുസ്തകം വിവാദമാകുന്നു. വാട്ടർഗേറ്റ് വിവാദവാർത്ത പുറത്തുകൊണ്ടുവന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ 'ഫിയർ, ട്രംപ് ഇൻ ദി വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്. സെപ്റ്റംബർ 11-ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങൾ യു.എസ്. മാധ്യമം 'വാഷിങ്ടൺ പോസ്റ്റ് ' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചതോടെ ഇത് വലിയ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. 2017-ൽ സിറിയയിലെ രാസായുധാക്രമണത്തെത്തുടർന്ന് അസദിനെ വധിക്കാൻ ട്രംപ് പെന്റഗണിന് ഉത്തരവ് നൽകിയിരുന്നുവെന്നാണ് പുസ്തകം പറയുന്നത്. യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോടാണ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ അഭിപ്രായത്തോട് ആ സമയം യോജിച്ചെങ്കിലും അത്തരത്തിലൊരു നീക്കവും നടത്തില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാറ്റിസ് തന്റെ സഹായിയോട് പറഞ്ഞു. വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ട്രംപിന് പത്തുവയസ്സുകാരന്റെ അറിവേയുള്ളൂവെന്നും മാറ്റിസ് പറഞ്ഞതായും പുസ്തകത്തിലുണ്ട്. എന്നാൽ, പുസ്തകത്തിലെ വിവരങ്ങൾ വൈറ്റ്ഹൗസ് തള്ളി. 'പൊതുജനങ്ങളോടുള്ള വഞ്ചനയാണ് വുഡ്വാർഡിന്റെ പുസ്തകം. സെനറ്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ റിപ്പബ്ലിക്കൻ പാർട്ടിയെ മോശമാക്കാനായാണ് ഈ സമയം പുറത്തിറക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിക്കായി പ്രവർത്തിക്കുന്നയാളാണ് വുഡ്വാർഡ് -ട്രംപ് പറഞ്ഞു. കെട്ടിച്ചമച്ച കഥകളാണ് പുസ്തകത്തിലുള്ളതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സും പറഞ്ഞു. ട്രംപിന്റെ അപക്വമായ പെരുമാറ്റം കാരണം പ്രധാനപ്പെട്ട പലരേഖകളും അദ്ദേഹം കാണാതെ ഉപദേശകർ ഒളിപ്പിച്ചിരുന്നുവെന്നതാണ് മറ്റൊരു പ്രധാന ആരോപണം. ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹൻ, വൈറ്റ്ഹൗസ് സ്റ്റാഫ് സെക്രട്ടറി റോബ് പോർട്ടർ എന്നിവർ പ്രധാനരേഖകൾ ട്രംപിന്റെ മേശപ്പുറത്തെത്താതെ ശ്രദ്ധിച്ചിരുന്നു. യു.എസ്. ഭരണകൂടം ഒറ്റപ്പെടാതിരിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. നാഫ്റ്റ കരാർ, ദക്ഷിണകൊറിയയുമായുള്ള വ്യാപാരക്കരാർ എന്നിവയിൽനിന്ന് യു.എസ്. പിന്മാറുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഇത്തരത്തിൽ മറച്ചുവെച്ചവയിൽപ്പെടുന്നു. ഈ സംഭവങ്ങളെ ഭരണഅട്ടിമറിയെന്ന് മാത്രമാണ് വിശേഷിപ്പിക്കാനാകുക -വുഡ്വാർഡ് പുസ്തകത്തിൽ പറഞ്ഞു. വൈറ്റ്ഹൗസിലെ മിക്ക ജീവനക്കാരും ട്രംപിന്റെ കാര്യത്തിൽ അസംതൃപ്തരാണെന്നാണ് പുസ്തകം സൂചിപ്പിക്കുന്നത്. വൈറ്റ്ഹൗസ് ഭ്രാന്തനഗരമാണെന്നും താൻ ചെയ്തതിൽ ഏറ്റവും മോശമായിത്തോന്നിയ ജോലിയാണിതെന്നും വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും ട്രംപ് കള്ളനാണെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകൻ ജോൺ ദൗഡും പറഞ്ഞുവെന്നും പുസ്തകത്തിലുണ്ട്. എന്നാൽ, ഇതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും മാറ്റിസും കെല്ലിയും പിന്നീട് പ്രതികരിച്ചു. പുസ്തകവുമായി ബന്ധപ്പെട്ട് ട്രംപും വുഡ്വാർഡും നടത്തിയ ടെലിഫോൺ സംഭാഷണത്തിൻറെ ശബ്ദരേഖയും വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2NiodlT
via
IFTTT
No comments:
Post a Comment