കൊമ്പുകോർത്ത് ആന്റണിയും പ്രതിരോധമന്ത്രിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

കൊമ്പുകോർത്ത് ആന്റണിയും പ്രതിരോധമന്ത്രിയും

ന്യൂഡൽഹി: റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ. ആന്റണിയുടെ ആരോപണങ്ങൾ * പ്രതിരോധസംഭരണ ചട്ടങ്ങൾ പ്രധാനമന്ത്രി ലംഘിച്ചു. ചട്ടപ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്നു സേനാമേധാവികളുൾപ്പടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗൺസിലിനു മാത്രമേ ആയുധങ്ങൾ വാങ്ങുന്നകാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. 2015 ഏപ്രിൽ 15-ന് പാരീസിൽ 36 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. * യു.പി.എ. സർക്കാരിന്റെ കാലത്ത് റഫാൽ യുദ്ധവിമാനത്തിനു ചർച്ചചെയ്യപ്പെട്ടിരുന്ന വിലയെക്കാൾ കുറവാണിപ്പോഴത്തെ വിലയെന്ന സർക്കാരിന്റെ വാദം അപഹാസ്യമാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് 36 വിമാനങ്ങൾ മാത്രം വാങ്ങുന്നത്. യു.പി.എ. സർക്കാരിന്റെ കാലത്ത് 126 വിമാനങ്ങൾക്കുള്ള കരാറിൽ നിശ്ചയിച്ചിരുന്ന വിലയും, ഇപ്പോൾ 36 വിമാനങ്ങൾക്കുള്ള കരാറിൽ ഓരോ വിമാനത്തിനും നിശ്ചയിച്ചിട്ടുള്ള വിലയും സർക്കാർ പരസ്യപ്പെടുത്തണം. *പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) ഈ വിമാനങ്ങൾ നിർമിക്കാൻ ശേഷിയില്ലെന്നാണ് പ്രതിരോധമന്ത്രി പറയുന്നത്. എച്ച്.എ.എല്ലിനെ അപകീർത്തിപ്പെടുത്തുകയാണ് മന്ത്രി. മിഗ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 31 തരത്തിലുള്ള 4660 വിമാനങ്ങൾ നിർമിച്ച സ്ഥാപനമാണ് എച്ച്.എ.എൽ. മുൻ സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കിയിരുന്നില്ലെങ്കിൽ റഫാൽ വിമാനങ്ങളുടെ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ എച്ച്.എ.എല്ലിന് ആധുനിക യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം ലഭിക്കുമായിരുന്നു. ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമായിരുന്നു. * 2013-ൽ പ്രതിരോധ മന്ത്രിയായിരുന്ന എന്റെ ഇടപെടലാണ് കരാർ നടപ്പാകാതിരിക്കാൻ കാരണമെന്ന മന്ത്രിയുടെ ആരോപണം തെറ്റാണ്. അന്നു കരാർ ഏറക്കുറെ പൂർണമായതാണ്. പദ്ധതി ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്കയച്ചപ്പോൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ലൈഫ് സൈക്കിൾ കോസ്റ്റ്' പുതിയ ആശയമാണെന്നും അതംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. മാത്രമല്ല, ഇതിൽ എതിർപ്പു പ്രകടിപ്പിച്ച് ഒരു മുതിർന്ന ബി.ജെ.പി. എം.പി.യുൾപ്പടെയുള്ളവർ സർക്കാരിനു കത്തെഴുതുകയും ചെയ്തു. തുടർന്ന്, ചർച്ചകൾ തുടരാനും എന്നാൽ, ഈ വിഷയം പരിഹരിച്ചശേഷം മാത്രം കരാർ മന്ത്രിസഭയുടെ സുരക്ഷാകാര്യ ഉപസമിതിയുടെ പരിഗണനയ്ക്ക് അയച്ചാൽ മതിയെന്നും നിർദേശിക്കുകയാണ് ഞാൻ ചെയ്തത്. മറുപടിയും പ്രത്യാരോപണവുമായി നിർമലാ സീതാരാമൻ * യു.പി.എ. സർക്കാർ അംഗീകരിച്ചതിനെക്കാൾ അടിസ്ഥാന വിലയിൽ ഒന്പതു ശതമാനം കുറഞ്ഞ വിലയ്ക്കാണ് നരേന്ദ്രമോദി സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. * റഫാൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസോൾട്ട് ഏവിയേഷനും പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലും തമ്മിൽ വിമാനങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് യു.പി.എ. സർക്കാരിന്റെ കാലത്ത് ധാരണയിലെത്തിയിരുന്നില്ല. എച്ച്.എ.എൽ. ഒഴിവാക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം മുൻ യു.പി.എ. സർക്കാരിനാണ്. * 126-നു പകരം 36 വിമാനങ്ങൾ മാത്രം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിൽ കഴമ്പില്ല. വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങളുടെ 42 സ്ക്വാഡ്രനുകൾ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇതു കുറഞ്ഞുവരികയായിരുന്നു. ഇതിനു പരിഹാരം കാണാൻ പത്തുവർഷത്തെ ഭരണത്തിനിടെ യു.പി.എ. സർക്കാരുകൾക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം കണക്കിലെടുക്കുകയും ഇന്ത്യ-ഫ്രഞ്ച് സർക്കാരുകൾ തമ്മിലുള്ള കരാറിലൂടെ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. * 2015-ൽ ഫ്രാൻസ് സന്ദർശനവേളയിൽ വിമാനങ്ങൾ വാങ്ങുന്നകാര്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം ശരിയല്ല. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചർച്ചയിൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കവുമായി മുന്നോട്ടുപോകാനുള്ള താത്പര്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. രാഷ്ട്രത്തലവന്മാർ തമ്മിലുള്ള ചർച്ചയിൽ ഒരിക്കലും ഇത്തരം കാര്യങ്ങളുടെ സാങ്കേതികത ചർച്ചയാവില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഒരു വർഷത്തിലേറെ കഴിഞ്ഞ് എല്ലാ നടപടിക്രമങ്ങളും പുർത്തിയാക്കിയാണ് റഫാൽ കരാറിനു രൂപംനൽകിയത്. * മുൻ സർക്കാരിന്റെ കാലത്തെ കരാറിനെക്കുറിച്ച് കോൺഗ്രസ് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. അന്ന് കരാർ യാഥാർഥ്യമായിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2QHeft1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages