തൃശ്ശൂർ: വി.എച്ച്.എസ്.ഇ. ജയിച്ച കുട്ടികൾക്കുള്ള സംവരണം പുനഃസ്ഥാപിക്കണമെന്ന് വെറ്ററിനറി സർവകലാശാലയോട് സർക്കാരിന്റെ ഉത്തരവ്. ഒരു വിദ്യാർഥി ഹൈക്കോടതിയിൽനിന്ന് സമ്പാദിച്ച അനുകൂലവിധിയുടെ അടിസ്ഥാനത്തിലാണിത്. നീറ്റ് പരീക്ഷയിൽ 30,000-ത്തിൽ താഴെ റാങ്ക് വരുന്ന കുട്ടികൾക്കാണ് പുതിയ ഉത്തരവ് ഗുണകരമാവുക. ബി.വി.എസ്.സി.യ്ക്ക് വി.എച്ച്.എസ്.ഇ. കുട്ടികൾക്ക് അഞ്ചും വെറ്ററിനറി സർവകലാശാല തന്നെ നടത്തിയ വിവിധ ഡിപ്ലോമ കോഴ്സുകൾ ജയിച്ചവർക്ക് അഞ്ചും സീറ്റുകളാണ് ഇതുപ്രകാരം കിട്ടുക. വെറ്ററിനറി കൗൺസിലിന്റെ അനുമതിയോടെ കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന വ്യവസ്ഥ ഉള്ളതിനാൽ, അതുകൂടി കിട്ടിയാലേ സർക്കാർ ഉത്തരവ് നടപ്പാക്കാനാവൂ. വെറ്ററിനറി കൗൺസിലിന്റെ അനുമതിയ്ക്കായി സർവകലാശാല കത്തയച്ചിട്ടുണ്ട്. വി.എച്ച്.എസ്.ഇ. ജയിച്ച കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുണ്ടായിരുന്ന സംവരണം വെറ്ററിനറി സർവകലാശാല നിർത്തലാക്കിയ വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.2016-17-ലെ പ്രവേശനത്തിനുവരെ നൽകിയിരുന്ന സീറ്റുസംവരണമാണ് വെറ്ററിനറി സർവകലാശാല നിർത്തലാക്കിയത്. കാർഷിക സർവകലാശാല വി.എച്ച്.എസ്.ഇ.ക്കാർക്കുള്ള സംവരണത്തിൽ മാറ്റം വരുത്തിയിരുന്നില്ല. വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ ജയിച്ചവർക്ക് ബി.എസ്.സി. അഗ്രിക്കൾച്ചറിന് ആറുസീറ്റാണ് കാർഷികസർവകലാശാല സംവരണം ചെയ്തിട്ടുള്ളത്. വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കോഴ്സ് ജയിച്ചവർക്ക് ബി.വി.എസ്.സി.യ്ക്ക് അഞ്ചുസീറ്റ് വെറ്ററിനറി സർവകലാശാലയും നൽകിയിരുന്നു. നീറ്റ് റാങ്ക് പട്ടികയിൽ ഇടം വന്നവരിൽ മുന്നിലുള്ളവരിൽനിന്നാണ് അർഹരായ വി.എച്ച്.എസ്.ഇ.ക്കാരെ സർവകലാശാലകൾ തിരഞ്ഞെടുത്തിരുന്നത്. 2012-ൽ വെറ്ററിനറി സർവകലാശാലയാണ് ഇത്തരമൊരു സീറ്റ് സംവരണം ആദ്യം തുടങ്ങിയത്. 2013-ൽ വി.എച്ച്.എസ്.ഇ.യുടെ കരിക്കുലം അടിമുടി പരിഷ്കരിച്ചപ്പോഴാണ്, കാർഷിക സർവകലാശാലയും സീറ്റ് സംവരണം നൽകാൻ തീരുമാനിച്ചത്. 2015-ൽ ബി.എസ്.സി. അഗ്രിക്കൾച്ചറിന് വി.എച്ച്.എസ്.ഇ.ക്കാർക്ക് 12 സീറ്റ് സംവരണം ചെയ്തത്. പിറ്റേക്കൊല്ലം അത് ആറ് സീറ്റാക്കി കുറച്ചു. കഴിഞ്ഞ വർഷത്തെ പ്രവേശനം കഴിഞ്ഞശേഷമാണ് വെറ്ററിനറി സർവകലാശാലയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് സീറ്റ് സംവരണം നിർത്തലാക്കാൻ തീരുമാനമെടുത്തത്. വി.എച്ച്.എസ്.ഇ.യ്ക്കു ചേർന്നാൽ കാർഷിക-വെറ്ററിനറി സർവകലാശാലകളിൽ ഉന്നതവിദ്യാഭ്യാസത്തിന് അവസരം കിട്ടുമെന്ന് വി.എച്ച്.എസ്.ഇ. ഡയറക്ടറേറ്റ് നടത്തുന്ന ഓറിയന്റേഷൻ ക്ലാസുകളിൽ രക്ഷിതാക്കളെയും കുട്ടികളെയും മുമ്പ് ധരിപ്പിച്ചിരുന്നതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OoJs60
via
IFTTT
No comments:
Post a Comment