തിരുവനന്തപുരം: സംസ്ഥാന പോലീസിൽ ഹെൽമെറ്റും യൂണിഫോമിന്റെ ഭാഗമാക്കാൻ ശുപാർശ. ഉദ്യോഗസ്ഥർക്ക് യൂണിഫോം അലവൻസിനൊപ്പം ഹെൽമെറ്റ് അലവൻസും അനുവദിക്കണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ട് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസിന് സമർപ്പിച്ചു. യൂണിഫോം അവലൻസിനൊപ്പം ഹെൽമെറ്റ് അലവൻസായി അഞ്ച് വർഷത്തിലൊരിക്കൽ 1500 രൂപ അനുവദിക്കാനാണ് ശുപാർശ. പോലീസ് അസോസിയേഷന്റേത് ഉൾപ്പെടെയുള്ളവരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ഉടൻ ഉത്തരവിറങ്ങുമെന്നാണ് വിവരം. രണ്ടുഘട്ടങ്ങളിലായി പണം അനുവദിക്കാനാണ് ശുപാർശ. പോലീസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന ഗുണമേന്മാ മാനദണ്ഡമനുസരിച്ചുള്ള ഹെൽമെറ്റുകൾ ഉദ്യോഗസ്ഥർക്ക് നേരിട്ട് വാങ്ങാം. സിവിൽ പോലീസ് ഓഫീസർമാർ മുതൽ നോൺ ഐ.പി.എസ്. എസ്.പി.മാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ആനുകൂല്യം നൽകാൻ ശുപാർശയുണ്ട്. പോലീസ് ക്യാമ്പുകളിൽ ഹെൽമെറ്റുണ്ടെങ്കിലും അപൂർവം ചിലരേ ജോലിക്കിടെ ധരിക്കുന്നുള്ളു. മറ്റൊരാൾ ഉപയോഗിച്ചത് ധരിക്കാനുള്ള മടിയും ചേർച്ചയില്ലായ്മയുമാണ് കാരണം. എന്നാൽ, പലപ്പോഴും ഇത് പോലീസിന്റെ സുരക്ഷിതത്വത്തെയും ബാധിക്കുന്നുണ്ട്. സംഘർഷ സ്ഥലങ്ങളിലും മറ്റും പോലീസുകാർക്ക് തലയ്ക്ക് പരിക്കേൽക്കുന്നതിന് ഇത് ഇടയാക്കും. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് പോലീസ് മേധാവി ഇതുസംബന്ധിച്ച വിശദമായ ശുപാർശ നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2xDwCaw
via
IFTTT
No comments:
Post a Comment